തിരുവനന്തപുരം : നിലമ്പൂർ വെള്ളക്കെട്ടയിൽ അനന്തു എന്ന വിദ്യാർത്ഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടത്തിയ പ്രസ്താവനയിൽ മലക്കം മറഞ്ഞ് മന്ത്രി എ കെ ശശീന്ദ്രൻ.
കുട്ടി മരിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. താൻ പറഞ്ഞത് ചിലർ തെറ്റിദ്ധരിച്ചുവെന്നും ചിലർ പ്രസ്താവന വളച്ചൊടിച്ചെന്നും മന്ത്രി പറഞ്ഞു. രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് പറഞ്ഞതെന്ന് മന്ത്രി പറയുന്നു
ഇപ്പോൾ ഗൂഢാലോചന നടക്കുന്നത് തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. “വിദ്യാർത്ഥിയുടെ മരണത്തെ രാഷ്‌ട്രീയമായി ഉപയോഗിച്ചു. മരണം സർക്കാർ സ്പോൺസേർഡ് ആണെന്ന് യുഡിഎഫ് ആരോപിച്ചു. അതിൽ ആർക്കും പരാതിയില്ല”. മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. കിട്ടിയ അവസരം മുതലെടുക്കാൻ എല്ലാ ഏർപ്പാടും അവർ നടത്തിയെന്ന് മന്ത്രി ആരോപിച്ചു. അത് ശരിയായില്ലെന്നാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.
“താൻ മോശക്കാരനാണെന്ന് വരുത്തി തീർക്കുന്നു. പ്രദേശവാസികൾ പറഞ്ഞ കാര്യമാണ് താൻ പറഞ്ഞത്.ഫെൻസിങ്ങ് നേരത്തെ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞത് പ്രദേശവാസികൾ പറഞ്ഞത് അനുസരിച്ചാണ്. മരണത്തിൽ ഗൂഢാലോചനയില്ല. എന്നാൽ മന്ത്രിയെയും വനം വകുപ്പിനെയും കുടുക്കാൻ ഗൂഢാലോചന നടന്നു. വിവാദത്തിന് തിരികൊളുത്തിയത് താനല്ല.” മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.















