ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സാഹചര്യത്തിൽ സുപ്രധാന പ്രസ്താവനയിറക്കി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദാരുണമായ അസംഭവം തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും സ്റ്റേഡിയം നഗരത്തിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ പദ്ധതിയിടുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
“ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരിടത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കും. ഇത്തരമൊരു ദാരുണമായ സംഭവം ഒരു സർക്കാരിന്റെ കാലത്തും സംഭവിക്കാൻ പാടില്ല. വ്യക്തിപരമായി, ഈ സംഭവം എന്നെയും എന്റെ സർക്കാരിനെയും വല്ലാതെ വേദനിപ്പിച്ചു.” സിദ്ധരാമയ്യ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ജൂൺ 4 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) അവരുടെ ആദ്യ ഐപിഎൽ കിരീടം നേടിയതിന്റെ വിജയാഘോഷയാത്രയ്‌ക്കിടെയായിരുന്നു അപകടം. എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പരിപാടിക്ക് വേണ്ടത്ര മുൻകരുതലുകൾ എടുക്കാതിരുന്ന കർണാടക സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.















