കൊല്ലം: രക്തദാനത്തിന് തൊട്ടു പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂർ മണിയാർ പരവട്ടം മഹേഷ് ഭവനിൽ മഹേഷ് കുമാർ (35) ആണ് മരിച്ചത്. സുഹൃത്തിന്റെ പിതാവിന് രക്തം നൽകാനായാണ് മഹേഷ് കുമാർ ആശുപത്രിയിലെത്തിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പുനലൂർ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് വാർഡിൽ ചികിത്സയിലായിരുന്നു സുഹൃത്തിന്റെ പിതാവ്. രക്തം നൽകിയതിന് ശേഷം യുവാവ് ശീതളപാനീയം കുടിച്ചിരുന്നു. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
എന്നാൽ ഗ്യാസ് ആണെന്നും കാര്യമാക്കേണ്ടെന്നും മഹേഷ് ഡോക്ടറോട് പറഞ്ഞു. ഇസിജിയിൽ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ ഐസിയുവിവിൽ വച്ച് ആരോഗ്യനില വഷളാവുകയായിരുന്നു.
രക്തം ശേഖരിക്കുന്നതിനുമുമ്പ് രക്തസമ്മർദം, ഹൃദയമിടിപ്പ് എന്നിവ പരിശോധിച്ചിരുന്നുവെന്നും വ്യതിയാനമൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നും, ആശുപത്രി അധികൃതർ പറഞ്ഞു.















