ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുപിന്നാലെ ഉണ്ടായ പാക് ഷെല്ലാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച അതിർത്തി പ്രദേശത്തെ വീടുകൾക്ക് അധിക നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. 2,060 വീടുകൾക്കായി തന്റെ മന്ത്രാലയത്തിൽ നിന്ന് 25 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുവദിച്ചിരിക്കുന്നത്. അതിർത്തിയിലെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അധിക നഷ്ടപരിഹാരം പ്രഖ്യാപിച്ച് മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് നടപടി.
ചെനാബ് റെയിൽവേ പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രധാനമത്രിയുടെ പ്രഖ്യാപനം. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ ഞെട്ടിയ പാകിസ്ഥാൻ ജമ്മുവിലും പൂഞ്ചിലും കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളെ ആക്രമിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിൽ നിരവധി ഷെല്ലാക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പൂർണമായി തകർന്ന ഓരോ വീടിനും 2 ലക്ഷം രൂപ വീതവും ഭാഗികമായി തകർന്ന ഓരോ വീടിനും 1 ലക്ഷം രൂപ വീതവും അധിക നഷ്ടപരിഹാരം നൽകുമെന്ന് മോദി പ്രഖ്യാപിച്ചു.
പ്രധാനമന്ത്രിയുടെ ഈ തീരുമാനം വേഗത്തിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും പഞ്ചാബിന്റെ അതിർത്തി പ്രദേശങ്ങളിലും സമാനമായ നഷ്ടപരിഹാരം നൽകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ, മെയ് 29-30 തീയതികളിൽ അമിത്ഷാ പൂഞ്ച് സന്ദർശിച്ചിരുന്നു. അതിർത്തി കടന്നുള്ള വെടിവയ്പ്പിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം നിയമന കത്തുകൾ കൈമാറി.















