ന്യൂഡൽഹി: തലസ്ഥാനത്തെ സ്കൂളുകളിലെ ക്ലാസ് മുറി നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വീണ്ടും സമൻസ് അയച്ച് അന്വേഷണസംഘം. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാൻ അറിയിച്ചിരുന്നെങ്കിലും സിസോദിയ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറി. മുൻ എഎപി പൊതുമരാമത്ത് മന്ത്രി സത്യേന്ദർ ജെയ്നിനെ എസിബി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
എഎപി ഭരണകാലത്താണ് ക്ലാസ്മുറി നിർമാണത്തിൽ അഴിമതി നടന്നത്. 12,748 ക്ലാസ് മുറികളുടെയും കെട്ടിടങ്ങളുടെയും നിർമാണം ഉയർന്ന ചെലവിൽ നടത്തിയെന്ന് കാണിച്ച് പണം തട്ടിയെടുത്തെന്നാണ് കേസ്. ഏപ്രിൽ 30-നാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സിസോദിയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തായിരുന്നു അഴിമതി. ചെലവ് പെരുപ്പിച്ച് കാണിച്ചു എന്നതാണ് പ്രധാന ആരോപണം.
നിർദ്ദിഷ്ഠ കാലയളവിൽ ക്ലാസ്മുറിയുടെ നിർമാണം പൂർത്തിയാകാത്തതിലും പിഴവുണ്ടായി. കരാർ പ്രകാരം ഓരോ ക്ലാസ് മുറിയും നിർമിക്കുന്നതിനുള്ള മൊത്തം ചെലവ് 24.86 ലക്ഷം രൂപയായിരുന്നു. എന്നാൽ ഡൽഹിയിൽ സമാനമായ ക്ലാസ് മുറികൾ നിർമിക്കുന്നതിന് അഞ്ച് ലക്ഷം രൂപയാണ് നിർമാണചെലവെന്ന് എസിബിയുടെ അന്വേഷണറിപ്പോർട്ടിൽ പറയുന്നു.















