ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവച്ചത്. പരിശോധനയിൽ ദ്രാവക ഓക്സിജൻ ചോർച്ച കണ്ടെത്തുകയായിരുന്നു. ബഹിരാകാശ യാത്രികൻ ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ ബഹിരാകാശ നിലയത്തിലേക്ക് അയയ്‌ക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
രണ്ടാം തവണയാണ് ദൗത്യം മാറ്റിവയ്‌ക്കുന്നത്. ദ്രാവക ചോർച്ച പരിഹരിക്കാൻ സ്പെയ്സ്എക്സിന് കൂടുതൽ സമയം ആവശ്യമാണ്. ഇക്കാരണത്തിലാണ് വിക്ഷേപണം മാറ്റിവയ്‌ക്കുന്നത്. പരിഹാരം കണ്ടെത്തിയ ശേഷം വിക്ഷേപണതീയതി അറിയിക്കും.
സ്പെയ്സ്എക്സും ഇസ്രോയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 41 വർഷത്തിന് ശേഷം ഭാരതം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്ഷേപണമാണിത്. രാകേഷ് ശർമയ്‌ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ പൗരനാകാൻ ലക്ഷ്യമിട്ടുള്ളതാണ് ശുഭാംശുവിന്റെ യാത്ര.
യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പെയ്സ്എക്സിന്റെ ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റാണ് നാല് യാത്രക്കാരുമായി കുതിച്ചുയരുന്നത്. റോക്കറ്റിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗൺ സി 213 പേടകത്തിലാണ് യാത്രക്കാർ ഇരിക്കുന്നത്. യുഎസിലെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് ബഹിരാകാശത്തേക്ക് പോകുന്ന മറ്റ് യാത്രക്കാർ.















