തൃശൂർ : പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി മരിച്ച നിലയിൽ എന്ന് റിപ്പോർട്ട്. പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് അറിയുന്നത്. ഉത്തരാഖണ്ഡ് പോലീസാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ആദ്യ ഭാര്യയായ ഉദയംപേരൂർ സ്വദേശി വിദ്യയെ കൊലപ്പെടുത്തി കാട്ടിൽ കുഴിച്ചുമൂടിയ കേസിലും പ്രതിയാണ് പ്രേംകുമാർ. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യയെയും അവരുടെ അമ്മയെയും കൊലപ്പെടുത്തിയത്.
പ്രേംകുമാർ തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് തൃശ്ശൂർ റൂറൽ പോലീസ് പറഞ്ഞു. ഡൽഹിയിലുള്ള അന്വേഷണസംഘം ഇന്ന് ഉത്തരാഖണ്ഡിലെത്തും. അതിനു ശേഷമാണു സ്ഥീകരണം നടത്താനാവുക. അന്വേഷണസംഘം സ്ഥലത്ത് എത്തിയതിനു ശേഷം വിഷാദ വിവരങ്ങൾ അറിവാകും എന്ന് പ്രതീക്ഷിക്കും.
കാറളം വെള്ളാനി സ്വദേശികളായ മണിയുടെയും മകൾ രേഖയുടെയും മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെയാണ് വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച കൊലപാതകം നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾക്കടുത്ത് നിന്ന് പൊലീസിന് ലഭിച്ച ഭീഷണി കത്ത് പ്രതിയെ തിരിച്ചറിയുന്നതിൽ നിരന്നായകമായി. ‘ഇനിയൊരാളുമായി ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന്’ എഴുതിയ കത്തിലെ കൈയ്യക്ഷരമാണ് പ്രതി പ്രേംകുമാറിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു.















