തിരുവനന്തപുരം: മുൻ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ താരവുമായ ദിയ കൃഷ്ണയുടെ മൊഴിയെടുത്ത് മ്യൂസിയം പൊലീസ്. കവടിയാറിലെ ദിയയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും.
പ്രതികളായ വിനീത, ദിവ്യ, രാധാകുമാരി എത്തിവർ നിലവിൽ ഒളിവിലാണ്. കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. 69 ലക്ഷം രൂപയാണ് ജീവനക്കാർ ദിയയിൽ നിന്ന് തട്ടിയെടുത്തത്. പ്രതികളുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
സാധനങ്ങൾ വാങ്ങുന്നവരിൽ നിന്ന് ക്യൂആർ കോഡ് ഉപയോഗിച്ചാണ് ജീവനക്കാരികൾ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നത്. ഈ പണം പിന്നീട് ദിയയ്‌ക്ക് നൽകിയിരുന്നതായാണ് ജീവനക്കാരുടെ മൊഴി. എന്നാൽ ഇത് തെളിയിക്കുന്ന രേഖകൾ ജീവനക്കാർക്ക് ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇതും പൊലീസ് പരിശോധിക്കുന്നുണ്ട്. സ്ഥാപനത്തിലെത്തി സാധനങ്ങൾ വാങ്ങിയവരുടെ രജിസ്റ്റർ പൊലീസ് ശേഖരിച്ചു. ഇതിലെ നമ്പറുകളിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.















