പ്രമുഖ സോഷ്യൽമീഡിയ താരവും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഭർത്താവ് അശ്വിനെതിരെ മുൻ ജീവനക്കാരികൾ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് താരങ്ങൾ. ആരോപണവിധേയയായ ജീവനക്കാരി സംസാരിക്കുന്ന വീഡിയോയുടെ കമന്റ് ബോക്സിലാണ് താരങ്ങളുടെ പ്രതികരണം. നടി സ്വാസിക, സോന നായർ, വീണ നായർ തുടങ്ങിയവർ ജീവനക്കാരികളെ വിമർശിച്ച് രംഗത്തെത്തി.
ഇവരുടെ ചെപ്പക്കുറ്റി അടിച്ചുപൊട്ടിക്കണമെന്നും ജയിലിൽ കൊണ്ടുപോകുന്ന ദിവസത്തിനായി കാത്തിരിക്കുന്നുവെന്നും വൈറൽ വീഡിയോയുടെ കമന്റ്ബോക്സിൽ സ്വാസിക കുറിച്ചു. ‘പോക്രിത്തരം പറയുന്നോ’ എന്നാണ് വീണ നായർ കുറിച്ചത്. ‘മൂന്നെണ്ണത്തിനെയും പൂട്ടണം’ എന്നായിരുന്നു സോന നായരുടെ കമന്റ്.
രാത്രി രണ്ട് മണിക്കൂം മൂന്ന് മണിക്കും ദിയയുടെ ഭർത്താവ് വിളിക്കുമെന്നും ഒരു പൂവാലനെ പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നുമാണ് ആരോപണവിധേയയായ യുവതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ജീവനക്കാരിയുടെ ആരോപണത്തിന് ചുട്ടമറുപടി ദിയ കൃഷ്ണ നൽകിയിരുന്നു. ‘വീട്ടിൽ ബിരിയാണി ആണ് മോളേ, മണ്ണ് വാരി അവൻ തിന്നാറില്ല’ എന്ന് കമന്റ്ബോക്സിൽ ദിയ കുറിച്ചു. ഒരു ലക്ഷത്തോളം പേരാണ് കമന്റ് ലൈക്ക് ചെയ്തത്.















