തിരുവനന്തപുരം: പാലിയറ്റീവ് കെയർ രോഗികൾക്ക് വ്യാജ ഡോക്ടർ നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ. കോഴിക്കോട് കോര്‍പറേഷനിലെ മാറാട് പ്രവര്‍ത്തിക്കുന്ന മാറാട് മെഡിക്കല്‍ സെന്ററിലാണ് ഗുരുതര തട്ടിപ്പ് നടന്നത്. സ്ഥാപനത്തിന്റെ ഉടമയായ ഇ.കെ. കണ്ണനെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയമ നടപടി തുടങ്ങി.
പാലിയേറ്റീവ് കെയറില്‍ കഴിയുന്ന കിടപ്പ് രോഗിയുടെ പരാതിയെ തുടര്‍ന്നാണ് മാറാട് മെഡിക്കല്‍ സെന്ററില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം റെയ്ഡ് നടത്തിയത്. മാറാട് ക്ലിനിക്കില്‍ നടത്തിയ പരിശോധനയില്‍ രേഖകൾ ഇല്ലാതെ വില്‍പനയ്‌ക്കായി സൂക്ഷിച്ച മരുന്നുകൾ കണ്ടെത്തി. സ്ഥാപനത്തില്‍ കണ്ടെത്തിയ മരുന്നുകളില്‍ ഭൂരിഭാഗവും കാലാവധി കഴിഞ്ഞ മരുന്നുകളാണ്. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാണ് സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇ.കെ. കണ്ണന്‍ രോഗികളെ ചികിത്സിച്ചിരുന്നത് എന്ന് കണ്ടെത്തി.
അലോപ്പതി മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സ നടത്തുന്നതിനാവശ്യമായ രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍ യോഗ്യതയോ മരുന്നുകള്‍ വില്‍പന നടത്തുന്നതിനാവശ്യമായ ഡ്രഗ് ലൈസന്‍സുകളോ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ഇതിന്റെയടിസ്ഥാനത്തില്‍ സ്ഥാപനത്തിലുണ്ടായിരുന്ന മുഴുവന്‍ മരുന്നുകളും കസ്റ്റഡിയിലെടുത്തു. മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ഇത് കൂടാതെ പൊലീസും കേസും എടുത്തിട്ടുണ്ട്.















