അഹമ്മദാബാദ്: വിമാനദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരനായ വിശ്വാസ് കുമാർ. യാത്രക്കാരിൽ ഒരാൾപോലും ജീവനോടെ ഉണ്ടാകില്ലെന്ന് എല്ലാവരും സ്ഥിരീകരിച്ച സന്ദർഭത്തിലാണ് ദുരന്തമുഖത്ത് പ്രതീക്ഷയുടെ മുഖമായി വിശ്വാസ് രക്ഷപ്പെട്ടത്. വിമാനം തീഗോളമായി മാറിയതും രക്ഷപ്പെട്ട് ഓടിയതിനെ കുറിച്ചും വിശ്വാസ് പ്രതികരിച്ചു.
“ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിന് ശേഷമാണ് വലിയ ശബ്ദത്തോടെ വിമാനം തകർന്നത്. വിമാനത്തിൽ നിന്ന് തെറിച്ച് ഞാൻ പുറത്തേക്ക് വീഴുകയായിരുന്നു. ഞാൻ നിലത്ത് നിന്ന് എഴുന്നേറ്റപ്പോൾ ചുറ്റും മൃതദേഹങ്ങൾ മാത്രമായിരുന്നു. പേടിച്ച് അവിടെ നിന്ന് ഓടി. വിമാനത്തിന്റെ അവശിഷ്ടങ്ങളും അടുത്തുണ്ടായിരുന്നു. ഒരാൾ എന്നെ പിടിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചുവെന്നും” യുവാവ് പറഞ്ഞു.
തനിക്കൊപ്പം സഹോദരനുമുണ്ടായിരുന്നു. മറ്റാെരു ഭാഗത്തെ സീറ്റിലാണ് സഹോദരനിരുന്നത്. എന്നാൽ അവനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ് പറഞ്ഞു.















