കാസർകോട്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാരെ സസ്പെൻഡ് ചെയ്തു. കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെയാണ് റവന്യുവകുപ്പ് സസ്പെൻഡ് ചെയ്തത്. പവിത്രനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
അങ്ങേയറ്റം അസഭ്യം നിറഞ്ഞ, കേട്ടാൽ അറയ്‌ക്കുന്ന രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം. വിമാനാപകടത്തിൽ മരിച്ച രഞ്ജിത അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്. പോസ്റ്റ് വിവാദമായതോടെ മാപ്പപേക്ഷിച്ചു തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇത് കൂടാതെ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച കൊണ്ട് ഇട്ട പോസ്റ്റിലും അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ അസഭ്യ പദപ്രയോഗങ്ങളാണ് ഇയാൾ നടത്തിയത്.
മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് ആറ് മാസം സസ്പെൻഷൻ ലഭിച്ചയാളാണ് പവിത്രൻ. പവിത്രൻ സിപിഎം അനുകൂല സർവ്വീസ് സംഘടനിലെ അംഗമാണെന്നാണ് വിവരം. ആർഡിഒ നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിയായ പി. പി ദിവ്യയെ ന്യായീകരിച്ചു കൊണ്ട് മുൻപ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.















