അഹമ്മദാബാദ്: വിമാനത്തിലെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതോടെ താപനില 1,000 ഡിഗ്രി സെൽഷ്യസായി ഉയർന്നുവെന്നും ഇത് രക്ഷാപ്രവർത്തനം ദുഷ്കരമായെന്നും ദുരന്ത നിവാരണസേന ഉദ്യോഗസ്ഥൻ. സ്ഥലത്തുണ്ടായിരുന്ന നായ്‌ക്കൾക്കും മറ്റ് ജീവജാലങ്ങൾക്കും പോലും രക്ഷപ്പെടാൻ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വിമാനത്തിൽ ഉണ്ടായിരുന്ന 1.25 ലക്ഷം ലിറ്റർ ഇന്ധനം അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. അതിനാൽ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ തന്നെ ഉഗ്രസ്ഫോടനം ഉണ്ടാവുകയായിരുന്നു.
സംഭവം നടന്നതിന് പിന്നാലെ രണ്ട് മണിക്കും 2.30-നും ഇടയിൽ തന്നെ സംസ്ഥാന ദുരന്തനിവാരണസേന എത്തി രക്ഷാപ്രവർത്തനം നടത്തി. നാട്ടുകാരെയും പരിക്കേറ്റവരെയും പുറത്തേക്ക് മാറ്റി. വിമാനത്തിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ചതോടെയാണ് താപനില 1,000 ഡിഗ്രി സെൽഷ്യസായി ഉയർന്നത്.
നിരവധി പ്രതിസന്ധിഘട്ടങ്ങളും ദുരന്തവും കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അപകടം നേരിട്ടിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടികളുടേത് ഉൾപ്പെടെ മുപ്പതോളം പേരുടെ മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















