ടെൽ അവീവ് : ഇറാനിലെ ആണവനിലയങ്ങളിലുള്‍പ്പെടെ ഇസ്രയേൽ മുൻകരുതൽ ആക്രമണം നടത്തിയതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുളള സംഘർഷം രൂക്ഷമാകുന്നു . ഇറാൻ ഇസ്രായേലിന് നേരെ 100-ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (IDF) പറയുന്നു. ജോർദാനിലെ അമ്മാനിൽ സൈറണുകൾ മുഴങ്ങുന്നതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നൂറുകണക്കിന് ഡ്രോണുകൾ ഒറ്റയടിക്ക് വിക്ഷേപിക്കുന്നത് പ്രതിരോധ സംവിധാനങ്ങളെ തെറ്റിക്കുന്നതിനുള്ള ഒരു തന്ത്രം കൂടിയാണ്. ഡ്രോണുകൾ സാധാരണ മിസൈലുകളെക്കാൾ താഴ്ന്ന് പറക്കാനുള്ള ശേഷിയുള്ളവയാണ്. ചെറിയ റഡാർ സിഗ്നേച്ചറുകൾ ഉള്ള ഇവയെ കണ്ടെത്താനും നശിപ്പിക്കാനും ബുദ്ധിമുട്ടാണ്.
ഇസ്രയേലിലെ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഷഹീദ് സീരീസ് ഡ്രോണുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ദീർഘദൂരം സഞ്ചരിക്കാൻ കഴിവുള്ളതും, ‘കാമികാസെ’ ഡ്രോണുകളായി (ലക്ഷ്യത്തിൽ സ്വയം ഇടിച്ചു പൊട്ടിത്തെറിക്കുന്നവ) പ്രവർത്തിക്കുന്നതുമാണ് എന്നതാണ് ഷഹീദ് സീരീസ് ഡ്രോണുകളുടെ പ്രത്യേകത.
ഇറാന്റെ ചില ഡ്രോണുകൾ വ്യാപക നാശം വിതയ്‌ക്കാൻ ശേഷിയുള്ളവയാണെന്ന് ഇറാൻ തന്നെ പലപ്പോഴും വീരവാദം മുഴക്കിയിട്ടുണ്ട്. എന്നാൽ ഈ ഡ്രോൺ മഴയെ അയണ്‍ഡോം ഉപയോഗിച്ച് തടഞ്ഞ് കനത്ത പ്രതിരോധം ഒരുക്കുകയാണ് ഇസ്രയേൽ.
പ്രതിനിധാന ചിത്രം















