കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്‌കൂള്‍ സമയമാറ്റത്തിനെതിരെ എതിർപ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രംഗത്തെത്തി.
സർക്കാർ നിർദേശിച്ച സമയമാറ്റം 12 ലക്ഷത്തോളം മുസ്ളീം വിദ്യാര്‍ത്ഥികളുടെ മദ്രസാ മതപഠനത്തെ ബാധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സ്‌കൂള്‍സമയം അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്‌ച്ച മുതല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ കൂടുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് മദ്രസ സമയക്രമത്തെ സാരമായി ബാധിക്കുമെന്നാണ് സത്താർ പറയുന്നത്.
സ്കൂൾ സമയമാറ്റം മതവിദ്യാഭ്യാസം നടത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞു.സമസ്തയുടെ ചരിത്രം വിവരിക്കുന്ന പുസ്തകപ്രകാശനച്ചടങ്ങിൽ വെച്ച് 12 ലക്ഷം വിദ്യാർഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകി.
എന്നാൽ സമസ്തയുടെ വിരട്ടലിനെ തുടർന്ന് വി ശിവൻകുട്ടി നിലപാടിൽ മലക്കം മറിഞ്ഞു്. ഹൈക്കോടതിയുടെ അംഗീകാരമുണ്ടെങ്കിൽ സ്കൂൾ സമയമാറ്റ ഉത്തരവ് പിൻവലിക്കാമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്നും മന്ത്രി പറഞ്ഞു. 220 പ്രവൃത്തി ദിനങ്ങൾ വേണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് പുതിയ മാറ്റം കൊണ്ട് വന്നത്.
വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും വൈകിട്ട് 15 മിനിറ്റും വർധിപ്പിച്ചുകൊണ്ടാണ് സ്കൂൾ സമയത്തിൽ മാറ്റം വരുത്തുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ രാവിലെ 9.45ന് ക്ലാസ് തുടങ്ങി 4.15ന് അവസാനിക്കുന്ന രീതയിലാണ് പുതിയ സമയക്രമം.















