തിരുവനന്തപുരം: വിമാനാപകടത്തിൽ മരണപ്പെട്ട മലയാളിയായ നഴ്സ് രഞ്ജിതയെ കുറിച്ച് ജാതീയമായ അധിക്ഷേപം നടത്തി വളരെ മോശമായ കമന്റ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനെ സർവ്വീസിൽ നിന്ന് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോ മുഖ്യമന്ത്രിക്കും,റവന്യൂ മന്ത്രിക്കും, ചീഫ് സെക്രട്ടറിയ്‌ക്കും നിവേദനം നൽകി.
“പവിത്രൻ ചെയ്തത് ഗുരുതരമായ സർവീസ് ചട്ട ലംഘനമാണ്. വിമാനാപകടത്തിൽ രാജ്യം മുഴുവൻ ദുഃഖം രേഖപ്പെടുത്തിയ അവസരത്തിൽ സർക്കാർ സർവീസിൽ ഉന്നതമായ പദവിയിലിരുന്ന് വൈകൃതമായ മനസ്സുമായി ഒരു ഉദ്യോഗസ്ഥൻ മലയാളികൾക്ക് ഒന്നാകെ അപമാനം വരുത്തിയിരിക്കുകയാണ്. പവിത്രൻ സർവീസിൽ തുടരുന്നത് തികച്ചും അപമാനകരവും സർവ്വീസ് മേഖലയ്‌ക്കാകെ നാണക്കേടും സമൂഹത്തിന് തെറ്റായ സന്ദേശവും നൽകുന്നതാണ്”. മുഖ്യമന്ത്രിക്കും, റവന്യൂ മന്ത്രിക്കും, ചീഫ് സെക്രട്ടറിയ്‌ക്കും നൽകിയ നിവേദനത്തിൽ ഫെറ്റോ അഭിപ്രായപ്പെട്ടു.
ഇക്കാരണങ്ങളാൽ അടിയന്തരമായി ഇയാളെ സർക്കാർ സർവ്വീസിൽ നിന്ന് നീക്കം ചെയ്യണമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡൻ്റ് SK ജയകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു.















