കാസർകോട്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തിയാണ് പൊലീസ് നടപടി. പവിത്രനെതിരെ കാസർകോട് എസ്പിക്ക് വിവിധ സംഘടനകളും വ്യക്തികളും പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി ലഭിച്ചുണ്ടെന്നാണ് വിവരം.
വിമാനാപകടത്തിൽ മരിച്ച രഞ്ജിത അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്. അങ്ങേയറ്റം അസഭ്യം നിറഞ്ഞ, കേട്ടാൽ അറയ്‌ക്കുന്ന രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം. സംഭവം വിവാദമായതോടെ റവന്യുവകുപ്പ് പവിത്രനെ ജോലിയിൽ നിന്നും സസ്പൻസ് ചെയ്തിരുന്നു.
മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് കഴിഞ്ഞ സെപ്തംബറിൽ പവിത്രന് ആറ് മാസത്തേക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. പവിത്രൻ സിപിഎം അനുകൂല സർവ്വീസ് സംഘടനിലെ അംഗമാണെന്നാണ് വിവരം.
അതിനിടെ പവിത്രൻ അപമര്യദയായി പെരുമാറിയെന്ന് കാണിച്ച് നിരവധി യുവതികൾ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. പവിത്രന്റെ ഇവരോട് നടത്തിയ അശ്പീല ചാറ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.















