ഇസ്രായേലിനെതിരെ ‘പൊട്ടിത്തെറിച്ച്’ മുഖ്യമന്ത്രി പിണറായി വിജയൻ. ഇറാനു നേരെ നടത്തിയ ആക്രമണത്തെ അപലപിച്ച് കൊണ്ടാണ് മുഖ്യമന്ത്രി ഇസ്രായേലിന് നേരെ ‘ആഞ്ഞടിച്ചത്’. തെമ്മാടി രാഷ്‌ട്രമാണ് ഇസ്രായേലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘ ഇസ്രായേൽ പണ്ടേ തെമ്മാടി രാഷ്‌ട്രമാണ്. ലോകത്ത് സാധാരണ രീതിയിലുള്ള ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോകുന്ന രാഷ്‌ട്രമാണത്. അമേരിക്കയുടെ പിന്തുണയുള്ളത് കൊണ്ട് എന്തുമാകാം എന്ന ധിക്കാരപരമായ സമീപനമാണ് അവർ എല്ലാകാലത്തും സ്വീകരിക്കുന്നത്, പിണറായി വിജയൻ പറഞ്ഞു.
അതേസമയം, ഇസ്രായേൽ ഭൂലോക റൗഡി രാഷ്‌ട്രമെന്നാണ് ടൂറിസം വകുപ്പ് മന്ത്രി പി.എം. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടത്. . ‘ഇസ്രയേൽ സമാധാനത്തിന് ഭീഷണിയായ ഭൂലോക റൗഡി. ഇറാനുനേരെയുള്ള കടന്നാക്രമണം പ്രതിഷേധാർഹം,’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ‘പാക് തീവ്രവാദികൾ ഇന്ത്യയെ ആക്രമിച്ചപ്പോൾ ഇത്രയ്ക്ക് രോഷം കണ്ടില്ലല്ലോ’, ‘സമാധാനത്തിനു ഭിഷണിയായ വേറൊരു രാജ്യമാണ് പാകിസ്ഥാൻ… താങ്കൾ പാകിസ്ഥാനെ കുറിച്ച് ഇങ്ങനെ എഴുതി കണ്ടില്ലല്ലോ… നമ്മുടെ വീട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്തിട്ട് പോരെ..ബന്ധു വീട്ടിലെ കാര്യങ്ങൾ ചർച്ച ചെയ്യുന്നത്!’ തുടങ്ങി നിരവധി കമന്റുകളാണ് റിയാസിന്റെ പോസ്റ്റിലുള്ളത്.















