ടെൽ അവീവ് : ഇറാനിലെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്ര പ്രധാന ലക്ഷ്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രയേലിനെ തിരിച്ചടിച്ചു. വെള്ളിയാഴ്ച ഇസ്രായേലിന് നേരെ വൻതോതിലുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഇറാന്റെ ഭാഗത്ത് നിന്ന് കനത്ത ആക്രമണങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ആക്രമണത്തുടർന്ന് ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകളും സ്ഫോടനങ്ങളും മുഴങ്ങി.
മിസൈൽ ആക്രമണങ്ങൾക്ക് സമാനമായ വലിയ ശബ്ദങ്ങൾ കേട്ടതായി വിവിധ വാർത്താ ഏജൻസികളുടെ ജറുസലേമിലെ പ്രതിനിധികൾ റിപ്പോർട്ട് ചെയ്തു. ടെൽ അവീവിൽ പുക ഉയരുന്നതിന്റെ ചിത്രങ്ങൾ ഇസ്രായേലി ടിവി സംപ്രേഷണം ചെയ്തു.നിരവധി പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ അറിയിച്ചു.ഇറാൻ ഡസൻ കണക്കിന് മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. ഇസ്രായേൽസൈന്യം അതിന്റെ പൗരന്മാരോടും താമസക്കാരോടും ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ ഉത്തരവിട്ടിട്ടുണ്ട്. മധ്യ ഇസ്രായേലിലെ ഒരു ബഹുനില കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി അഗ്നിശമന സേന അറിയിച്ചു.
ഇസ്രായേലിലെ സിവിലിയൻ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ ആക്രമണം നടത്തിയപ്പോൾ “ചുവന്ന രേഖകൾ” ലംഘിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
“ഇസ്രായേലിലെ സിവിലിയൻ ജനവാസ കേന്ദ്രങ്ങളിൽ മിസൈലുകൾ തൊടുത്തുവിട്ടുകൊണ്ട് ഇറാൻ ചുവന്നരേഖ കടന്നിരിക്കുന്നു,ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കുന്നത് ഞങ്ങൾ തുടരുകയും അയത്തുള്ള ഭരണകൂടം അതിന്റെ ഹീനമായ പ്രവൃത്തികൾക്ക് കനത്ത വില നൽകുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും” കാറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു.”
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിക്ക് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്.















