കോഴിക്കോട്: നാദാപുരം സ്വദേശിയായ പ്രവാസി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി പണവും വാഹനവും കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. പളളൂർ സ്വദേശി തെരേസ റൊവിന റാണി (37), തലശ്ശേരി ധർമ്മടം സ്വദേശി അജിനാസ്(35) എന്നിവരാണ് ചൊമ്പാല പൊലീസിന്റെ പിടിയിലായത്. ഇവർ തട്ടിയെടുത്ത ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. മുക്കോളി റെയിൽവേ അണ്ടർ ബ്രിഡ്ജിന് സമീപമുള്ള റുബൈദയുടെ വീട്ടിലാണ് യുവാവിനെ ഹണിട്രാപ്പ് സംഘം എത്തിച്ചത്. ഇവിടെ വച്ച് യുവാവിന്റെ മുണ്ട് അഴിപ്പിച്ച് റുബൈദയ്‌ക്കൊപ്പം ഫോട്ടോ എടുത്തു. തുടർന്ന് 5 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോ ഭാര്യയ്‌ക്ക് അയച്ചുനൽകുമെന്ന പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. കേസിൽ ഒന്നാം പ്രതിയാണ് റുബൈദ.
ഥാർ ജീപ്പിലാണ് യുവാവ് മുക്കോളിയിലെ വീട്ടിൽ എത്തിയത്. ഈ ജീപ്പും അതിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയുമാണ് സംഘം തട്ടിയെടുത്തത്. ചോമ്പാല സ്റ്റേഷനിലെത്തി പരാതിക്കാരൻ തന്നെയാണ് വിവരങ്ങളെല്ലാം പറഞ്ഞത്. ഹണിട്രാപ്പ് സംഘത്തിൽ കുടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. സംഘത്തിലെ ഒരു യുവതി അടക്കം അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സമാന തരത്തിലുള്ള വേറെയും പരാതികൾ പ്രതികൾക്കെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.















