ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ വിളിച്ചു. ഇസ്രയേല്‍ ഇറാനിൽ നടത്തിയ മുൻകരുതൽ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കാനായിരുന്നു വിളി.
ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി മോദി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അറിയിച്ചത്.
“ഇസ്രായേൽ പ്രധാനമന്ത്രി @netanyahu വിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. പരിണമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് വിശദീകരിച്ചു,” “ഇന്ത്യയുടെ ആശങ്കകൾ ഞാൻ പങ്കുവെക്കുകയും സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.”, X ലെ ഒരു പോസ്റ്റിൽ മോദി പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷ അന്തരീക്ഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്ക മോദി അദ്ദേഹത്തെ അറിയിച്ചു. യുദ്ധത്തിന് പകരം എത്രയും വേഗം ഈ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനും മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ ഉപദേശിച്ചു.
ഇന്ത്യയെ കൂടാതെ യുഎസ് പ്രസിഡന്‍റ് ട്രംപുമായും റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായും ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ നേതാക്കളുമായും നെതന്യാഹു ഫോണിൽ സംസാരിച്ചിരുന്നു.
ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണ പരമ്പരയെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്തരീക്ഷം കൂടുതല്‍ വഷളാക്കുന്നതില്‍ നിന്നും ഇരുവരും പിന്‍മാറണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.