ടെൽ അവീവ് : ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ നിലകൊള്ളാനും എഴുന്നേറ്റുനിൽക്കാനും പ്രതികരിക്കാനും ഇറാനിലെ ജനങ്ങളോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം ഇറാനിയൻ ജനതയോടായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.
“ഇറാൻ ജനത അവരുടെ പതാകയ്‌ക്കും ചരിത്രപരമായ പൈതൃകത്തിനും ചുറ്റും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇസ്രായേലിന്റെ പോരാട്ടം ഇറാനിയൻ ജനതയ്‌ക്കെതിരെയല്ല. നിങ്ങളെ അടിച്ചമർത്തുകയും ദരിദ്രരാക്കുകയും ചെയ്യുന്ന കൊലപാതക ഇസ്ലാമിക ഭരണകൂടത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം. ദുഷ്ടവും അടിച്ചമർത്തുന്നതുമായ ഭരണകൂടത്തിൽ നിന്നുള്ള നിങ്ങളുടെ മോചനത്തിനായി ഇറാനിയൻ ജനത നിലകൊള്ളണം. സമയം അതിക്രമിച്ചിരിക്കുന്നു. ഇത് നിങ്ങൾക്ക് എഴുന്നേറ്റു നിന്ന് നിങ്ങളുടെ ശബ്ദങ്ങൾ കേൾക്കാൻ അനുവദിക്കാനുള്ള അവസരമാണ്”. നെതന്യാഹു തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
“സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം – സാൻ, സിന്ദഗി, ആസാദി,” ഇറാനിയൻ ഗവൺമെന്റ് വിരുദ്ധ പ്രതിഷേധങ്ങളുടെ മുദ്രാവാക്യം എടുത്ത് പറഞ്ഞുകൊണ്ട് നെതന്യാഹു തുടർന്നു.
“ഏകദേശം 50 വർഷമായി നിങ്ങളെ അടിച്ചമർത്തുന്ന ഇസ്ലാമിക ഭരണകൂടം ഞങ്ങളുടെ രാജ്യത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഞങ്ങൾക്കെതിരായ ഇസ്ലാമിക ഭരണകൂടത്തിന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ ഭീഷണിയെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രവർത്തനത്തിന്റെ ലക്ഷ്യം”.അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനിയൻ സൈനിക, ആണവ ലക്ഷ്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേലി ആക്രമണം ഇസ്ലാമിക ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ചേക്കാമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം “എത്ര ദിവസം വേണമെങ്കിലും തുടരും” എന്ന് നേരത്തെ പറഞ്ഞിരുന്ന നെതന്യാഹു, “കൂടുതൽ കാര്യങ്ങൾ വരുന്നുണ്ട്” എന്ന് ഇറാനിയൻ ജനതോയോട് വാഗ്ദാനം ചെയ്തു.ഓപ്പറേഷൻ റൈസിംഗ് ലയണിനെത്തുടർന്ന് ഇറാൻ ഇസ്രായേലിനെതിരെ പ്രതികാര ആക്രമണം നടത്തിയ സാഹചര്യത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രസംഗം.
ഇസ്രായേൽ ആക്രമണങ്ങളെ “യുദ്ധ പ്രഖ്യാപനം” എന്ന് ഇറാൻ വിശേഷിപ്പിക്കുകയും ഇസ്രായേലിനു നേരെ “നരകത്തിന്റെ കവാടങ്ങൾ” തുറന്ന് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.















