മുംബൈ: ആഗോളതലത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന ഓഹരി വിപണിയായി ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നെന്ന് ബന്ധന്‍ മ്യൂച്വല്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ന്‍ യുദ്ധവും ഇസ്രായേല്‍-ഹമാസ് ഏറ്റുമുട്ടലും പാകിസ്ഥാനുമായുള്ള സംഘര്‍ഷവുമടക്കം പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഓഹരി വിപണി ശരാശരി 18% വളര്‍ച്ച കൈവരിച്ചു.
ലോകത്തെ വികസിത രാജ്യങ്ങളിലെ വിപണികള്‍ ഇക്കാലയളവില്‍ കൈവരിച്ചത് ശരാശരി 12% വളര്‍ച്ച മാത്രമാണ്. വികസ്വര രാജ്യങ്ങളിലെ വിപണികളേക്കാള്‍ ശരാശരി നാലിരട്ടി വളര്‍ച്ചയും ഇന്ത്യന്‍ ഓഹരി വിപണി കൈവരിച്ചു.
ഹ്രസ്വകാലത്തിലും നേട്ടം
ഹ്രസ്വകാലാടിസ്ഥാനത്തിലും ഇന്ത്യന്‍ വിപണി മെച്ചപ്പെട്ടു നില്‍ക്കുന്നു. 2025 മെയ് മാസത്തില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ ഓഹരികള്‍ ശ്രദ്ധേയമായ 16% വരുമാനം നല്‍കി. വളര്‍ന്നുവരുന്ന വിപണികളിലെ 5% നേട്ടത്തെയും ലോക, വികസിത വിപണികളിലെ മിതമായ 2% വര്‍ധനവിനെയും ഇത് കുത്തനെ മറികടന്നു. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യയുടെ പ്രതിരോധശേഷിയും നിക്ഷേപക താല്‍പ്പര്യവും എടുത്തുകാണിക്കുന്നതാണ് ഈ ഡാറ്റ. അതേസമയം 2025 മെയ് മാസത്തില്‍ അവസാനിച്ച പാദത്തില്‍ ചൈനയുടെ വിപണിയിയില്‍ 2% ഇടിവ് രേഖപ്പെടുത്തി. പ്രധാന ആഗോള വിപണികളില്‍ ഭൂരിഭാഗവും നെഗറ്റീവില്‍ ആയിരുന്നു.
നേട്ടത്തില്‍ മുന്നില്‍ സ്‌മോള്‍കാപുകള്‍
കഴിഞ്ഞ മൂന്ന് മാസങ്ങളിലും, അഞ്ച് വര്‍ഷങ്ങളിലും സ്‌മോള്‍ കാപ് ഓഹരികളാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. പാദത്തില്‍ 21% നേട്ടവും അഞ്ച് വര്‍ഷത്തില്‍ ശരാശരി 36% നേട്ടവും ലാര്‍ജ് കാപുകള്‍ നേടി. മിഡ്കാപ് ഓഹരികള്‍ രണ്ടാം സ്ഥാനത്തെത്തി. പാദത്തില്‍ 17 ശതമാനവും അഞ്ച് വര്‍ഷത്തിനിടെ ശരാശരി 32 ശതമാനവും നേട്ടമാണ് മിഡ് കാപ് ഓഹരികള്‍ സൃഷ്ടിച്ചത്. നേട്ടത്തില്‍ മൂന്നാമതായിരുന്നു ലാര്‍ജ്കാപ് ഓഹരികളുടെ സ്ഥാനം. പാദത്തില്‍ 13 ഉം അഞ്ച് വര്‍ഷത്തിനിടെ ശരാശരി 22 ശതമാനവും നേട്ടം.















