തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില സർവ്വകാല റെക്കോർഡിലെത്തി. നാളികേരം കിലോയ്‌ക്ക് 80 മുതൽ 86 വരെയാണ് ചില്ലറ വില്പനവില. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയും. രണ്ട് മാസം മുൻപ് വരെ വെളിച്ചെണ്ണയുടെ വില 250 രൂപയായിരുന്നു. ഇതാണ് ശരവേഗത്തിൽ കുതിച്ചുയർന്നത്.
വില വർദ്ധിച്ചതോടെ ഹോട്ടലുകൾ ചമ്മന്തിയും തേങ്ങ ഉപയോഗിച്ചുള്ള കറികളും ഒഴിവാക്കി മറ്റ് കറികൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമുൾപ്പെടെ എത്തുന്ന തേങ്ങയുടെ അളവും പകുതിയായി കുറഞ്ഞിട്ടുണ്ട്. നാടൻതേങ്ങ ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതാണ് വില വർദ്ധനവിന് കാരണം.
കൊപ്രാ ക്ഷാമം വെളിച്ചെണ്ണ വില വർദ്ധനവിനും ഇടയാക്കി. തമിഴ്‍നാട്ടിൽ നിന്നുമെത്തുന്ന തേങ്ങയ്‌ക്ക് കേരളത്തിൽ വലിയ പ്രിയമില്ല എന്നതും വസ്തുതയാണ്. വില സർവകാല റെക്കോർഡിലെത്തിയിട്ടും വേണ്ടത്ര വരുമാനമില്ലെന്നാണ് കേര കർഷകരുടെ പരാതി. കടുത്ത വേനൽ കൃഷിയെ സാരമായി ബാധിച്ചുവെന്നാണ് കർഷകർ പറയുന്നത്.















