മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഉച്ച മുതൽഅതിശക്തമായ മഴയാണ് ശബരിമല സന്നിധാനത്ത് പെയ്യുന്നത്. കനത്ത മഴയിലും ആയിരങ്ങളാണ് ഭഗവാനെ കണ്ട് വണങ്ങാൻ കാത്തു നിന്നത്.
മിഥുനമാസം ഒന്നിന് (15.06.2025) രാവിലെ അഞ്ചുമണിക്ക് നട തുറക്കും. ഒന്നു മുതൽ എല്ലാ ദിവസവും ഗണപതിഹോമം, ഉഷപൂജ, നെയ്യഭിഷേകം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. ഇവയ്‌ക്ക് പുറമേ എല്ലാദിവസവും ദീപാരാധനയ്‌ക്കു ശേഷം പതിനെട്ടാം പടിയിൽ പടി പൂജയും നടക്കും. മിഥുനുമാസ പൂജകൾ പൂർത്തിയാക്കി ജൂൺ 19ന് രാത്രി 10 മണിക്ക് നടയടക്കും. ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും ചേർന്ന് സ്വീകരിച്ചിട്ടുണ്ട്.