ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ശക്തിയുടെ തെളിവാണ് ഓപ്പറേഷൻ സിന്ദൂറെന്ന് എയർചീഫ് മാർഷൽ എ പി സിംഗ്. ഹൈദരാബാദിലെ ദുണ്ടിഗലിലുള്ള എയർഫോഴ്സ് അക്കാദമിയിൽ നടന്ന കമ്പൈൻഡ് ഗ്രാജുവേഷൻ പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശത്രുവിനെ കൃത്യമായി കണ്ടെത്തി, കടുത്ത തിരിച്ചടി നൽകാനുള്ള സേനയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഞങ്ങൾ തെളിയിച്ചു. രാജ്യത്തെ പ്രതിസന്ധിഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്നത് എപ്പോഴും വ്യോമസേനയാണ്. യുദ്ധത്തിന്റെ സ്വഭാവവും ബഹിരാകാശ ശക്തിയുടെ പ്രാധാന്യവും പുതുതായി നിയമിക്കപ്പെടുന്ന സേനാംഗങ്ങൾ തിരിച്ചറിയണം. ഭാവിയിലെ യുദ്ധമേഖല കൂടുതൽ സങ്കീർണമാകും. ബഹിരാകാശത്ത് ഉൾപ്പെടെ ഉയരുന്ന വെല്ലുവിളികളെ നേരിടാൻ ഉദ്യോഗസ്ഥർക്ക് കഴിയണം.
സൈനികർ ധരിക്കുന്ന യൂണിഫോം ദേശീയ അഭിമാനത്തിന്റെ പ്രതീകമാണ്. ധൈര്യത്തോടെ മുന്നോട്ട് നീങ്ങുകയും വ്യോമസേനയുടെ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ചെയ്യണമെന്നും എ പി സിംഗ് പറഞ്ഞു.