ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ മകന്റെ വിവാഹം മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവിന് വടക്കുള്ള ഒരു ആഡംബര ഫാമിൽ വച്ചാണ് അവ്‌നർ നെതന്യാഹുവിന്റെയും പങ്കാളി അമിത് യാർഡേനിയയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
വെള്ളിയാഴ്ച പ്രാദേശികസമയം പുലർച്ചെ 3.30-ഓടെയാണ് ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരിൽ ഇസ്രയേലിന്റെ സൈനികനടപടിയുണ്ടായത്. ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തെ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഇതിന് മറുപടിയായി ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു. സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തത്.
എന്നാൽ സൈനിക നീക്കം ശക്തമാകുന്നതിനിടെയുള്ള വിവാഹം വിമർശനത്തിന് ഇടയാക്കിയിരുന്നു എന്ന് ദേശീയ മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു. വിവാഹം വേദിക്ക് സമീപം പ്രതിഷേധക്കാർ പ്രകടനം നടത്താൻ തയ്യാറെടുക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.















