ന്യൂഡൽഹി: ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികളുമായി വിദേശകാര്യ മന്ത്രാലയം. വിദ്യാർത്ഥികളുമായി ടെഹ്റാനിലെ ഇന്ത്യൻ എംബസി ആശയവിനിമയം നടത്തുന്നുണ്ടെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
അപകട സാധ്യത മേഖലകളിൽ നിന്നും വിദ്യാർത്ഥികളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി പാർപ്പിക്കും. ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതും വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. അർമേനിയ വഴി ഒഴിപ്പിക്കാനാണ് സാധ്യത.
1500-ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് ഇറാനിലുള്ളത്. ഇവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ടെഹ്‌റാൻ, ഷിറാസ്, കോം നഗരങ്ങളിലുള്ള വിദ്യാർത്ഥികൾ എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്
നേരത്തെ, ഇറാനിലെ ഇന്ത്യൻ എംബസി എല്ലാ ഇന്ത്യൻ പൗരന്മാരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇവരിൽ നിന്നും ഗൂഗിൾ ഫോമിലൂടെ എംബസി വിവരങ്ങൾ ശേഖരിച്ച് വച്ചിട്ടുണ്ട്. ടെലിഗ്രാമിലൂടെ ഇന്ത്യക്കാരുമായി എംബസി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.















