മുംബൈ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ പ്രവചനങ്ങള്‍ തെറ്റിച്ച് മികച്ച മുന്നേറ്റമുണ്ടാക്കി ഇന്ത്യന്‍ ഓഹരി വിപണി. തിങ്കളാഴ്ച ഭൗമരാഷ്‌ട്രീയ ആശങ്കകള്‍ക്കിടയിലും രണ്ട് ബെഞ്ച്മാര്‍ക്ക് സൂചികകളും കരുത്തോടെ നിലകൊണ്ടു. ബിഎസ്ഇ സെന്‍സെക്‌സ് 676 പോയിന്റ് ഉയര്‍ന്ന് 81,794.92 ലും എന്‍എസ്ഇ നിഫ്റ്റി50 243 പോയിന്റ് ഉയര്‍ന്ന് 24,962.05 ലും വ്യാപാരം നടത്തി.
പരിഭ്രാന്തിയില്ല
സ്വര്‍ണ്ണത്തിന്റെയും ക്രൂഡിന്റെയും വില ഉയരുന്നതിനിടെയാണ് ഇന്ത്യന്‍ ഓഹരി വിപണി ശക്തമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുത്ത അനിശ്ചിതത്വം ആഗോള വിപണികളില്‍ തീര്‍ച്ചയായും അപകടസാധ്യത സൃഷ്ടിച്ചിരിക്കുന്നുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ പറഞ്ഞു.
‘രസകരമെന്നു പറയട്ടെ, ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ പരിഭ്രാന്തി ഇല്ല. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ മാത്രമേ വിപണികളെ അത് സാരമായി ബാധിക്കുകയുള്ളൂ, ഇത് ക്രൂഡ് ഓയിലിന്റെ വിലയില്‍ വലിയ വര്‍ദ്ധനവിന് കാരണമാകും. ഇപ്പോള്‍ ഇതിന് സാധ്യത കുറവാണെന്ന് തോന്നുന്നു.’ വിജയകുമാര്‍ നിരീക്ഷിച്ചു.
ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വിപണികള്‍ക്ക് ശീലമായിരിക്കുന്നെന്ന് വെല്‍ത്ത്മില്‍സ് സെക്യൂരിറ്റീസിലെ ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടര്‍ ക്രാന്തി ബത്തിനി പറഞ്ഞു. ‘ഇത്തരം പിരിമുറുക്കങ്ങള്‍ പലപ്പോഴും റാലികള്‍ക്ക് ഹ്രസ്വകാല തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിലെ തീവ്രത കുറയ്‌ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള യുഎസ് ഭരണകൂടത്തിന്റെ പ്രസ്താവനകളും തിരുത്തലിന് ഒരു വിരാമം നല്‍കുന്നു. ക്രൂഡ് ഓയില്‍ സ്ഥിരത കൈവരിക്കുന്നുണ്ട്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
മികച്ച അവസരം
മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള സ്ഥിരമായ ഫണ്ട് ഒഴുക്കും ചെറുകിട നിക്,പേകരുടെ നിരന്തര പങ്കാളിത്തവും ഉള്ളതിനാല്‍, ആഗോള ആഘാതങ്ങള്‍ക്കിടയിലും വിപണി കാര്യമായ കോട്ടമേല്‍ക്കാതെ തുടരുന്നു. അപായസാധ്യതയുള്ള ഈ സാഹചര്യം യഥാര്‍ത്ഥത്തില്‍ ഒരു അവസരം ഒരുക്കി നല്‍കുന്നെന്ന് ഡോ. വിജയകുമാര്‍ വിശ്വസിക്കുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഫിനാന്‍ഷ്യല്‍ പോലുള്ള താരതമ്യേന ആകര്‍ഷകമായ മൂല്യമുള്ള ഓഹരികള്‍ വാങ്ങാന്‍ ഈ ഘട്ടം ഉപയോഗിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജാഗ്രത
അതേസമയം നിലവില്‍ സ്ഥിതി സുസ്ഥിരമാണെങ്കിലും, പശ്ചിമേഷ്യയിലെ സ്ഥിതി വഷളാകുകയോ എണ്ണവില കുത്തനെ ഉയരുകയോ ചെയ്താല്‍ ചാഞ്ചാട്ടം വേഗത്തില്‍ തിരിച്ചെത്തുമെന്ന് വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം, സാങ്കേതികമായി 24,700-24,800 മേഖല പ്രധാനമാണെന്ന് ബതിനി കൂട്ടിച്ചേര്‍ത്തു.















