യുവ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തിയ സംഭവത്തിൽ പാെലീസ് അന്വേഷണം ആരംഭിച്ചു. ഹരിയാന സോനിപത്തിലെ ഖാർഖൗദയിലാണ് സംഭവം. ശീതൾ എന്ന സിമ്മി ചൗധരി(23)യുടെ മൃതദേഹമാണ് റിലയൻസ് കനാലിൽ കണ്ടെത്തിയത്. യുവതിയുടെ കഴുത്ത് മുറിച്ച നിലയിലാണ്. ശീതളിന്റെ സഹോദരി സ്നേഹ യുവതിയെ കാണാനില്ലെന്ന് കാട്ടി പൊലീസിന് പരാതി നൽകിയിരുന്നു.
ഹരിയാൻവി മ്യൂസിക് ആൽബത്തിന്റെ മോഡലായിരുന്ന യുവതി പാനിപത്ത് സ്വദേശിനിയാണ്. കഴിഞ്ഞ രാത്രി കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ആഹർ വില്ലേജിൽ മ്യൂസിക് ആൽബത്തിന്റെ ഷൂട്ടിംഗ് ഉണ്ടെന്ന് പറഞ്ഞ് ജൂൺ 14-നാണ് യുവതി വീട്ടിൽ നിന്നിറങ്ങിയത്.
പിന്നീട് മടങ്ങിയെത്തിയില്ല. പൊലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ യുവതി കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് മനസിലായി. മദ്ലൗഡ പൊലീസാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കൊലയാളിയെ കണ്ടെത്താനും കാരണം അറിയാനും പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്ന് എസിപി അജിത് സിംഗ് പറഞ്ഞു.