പാലക്കാട് : ഷാഫി പറമ്പിലും കോൺഗ്രസും വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നത് എന്ന ഗുരുതര ആരോപണവുമായി മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മോഹൻകുമാർ.
പാർടിയിലെ ഗ്രൂപ്പസവും നേതാക്കളുടെ സ്വാർത്ഥ താൽപര്യവും കോൺഗ്രസിനെ കൂടുതിൽ തകർച്ചയിലേക്ക് നയിക്കുകയാണെന്നും ആത്മാർത്ഥ പ്രവർത്തകർക്ക് പാർടിയിൽ സ്ഥാനമില്ലെന്നും കെ മോഹൻകുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഗ്രൂപ്പ് താൽപര്യം മാത്രമാണ് പരിഗണിക്കുന്നത്. നേതാക്കളുടെ പെട്ടിതാങ്ങികൾക്ക് എല്ലാ സംരക്ഷണവും നൽകുകയാണ്. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകൾ കോൺഗ്രസിനെ ദുർബലപ്പെടുത്തുകയാണ്. പച്ചയായ വർഗീയത പറഞ്ഞാണ് ഷാഫി പറമ്പിൽ വോട്ട് തേടുന്നത്. ഇക്കാര്യം എല്ലാവർക്കും അറിയാമെങ്കിലും ആരും പുറത്തുപറയുന്നില്ല. പറയുന്നവരെ പാർടിയിൽ നിന്ന് അകറ്റുകയാണ്.
ഷാഫിയുടെ പെട്ടിപിടിക്കുന്നതിനാലാണ് രാഹുലിന് പാലക്കാട്ടെ സീറ്റ് കിട്ടിയത്.പാലക്കാട്ടെ നിരവധി നേതാക്കളെ ഷാഫി തഴഞ്ഞു. ഡിസിസി പ്രസിഡന്റിന് പോലും ഷാഫി പരിഗണന നൽകിയില്ല എന്നും മോഹൻകുമാർ പറഞ്ഞു.
കോൺഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹൻകുമാർ ഉൾപ്പെടെ മുപ്പതോളം നേതാക്കളും പ്രവർത്തകരും രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇവരെ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു ഷാളണിയിച്ച് സ്വീകരിച്ചു. തുടർന്ന് നടത്തിയ പത്ര സമ്മേളനത്തിലാണ് മോഹൻ കുമാർ ഈ ആരോപണങ്ങൾ ഉന്നയിച്ചത്.