ടെല്‍ അവീവ്: ഇറാന്റെ ഷിയാ ഭരണകൂടത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും പരസ്യമായി പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖമേനിയെ വധിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. ഇറാനെതിരായി ഇസ്രയേൽ നടത്തുന്ന സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. എന്നാൽ അതേ സമയം തന്നെ സംഘർഷം വഷളാക്കുന്നതിനുപകരം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ട്രമ്പിനോട് അടുത്ത മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിബിസിയുടെ അമേരിക്കൻ പങ്കാളിയായ സിബിഎസ് ന്യൂസാണ് കഴിഞ്ഞ ദിവസം ഈ റിപ്പോർട്ട് പുറത്തു വിട്ടത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് “ഖമേനിയെ വധിക്കുന്നത് നല്ല ആശയമല്ല” എന്ന് ട്രംപ് പറഞ്ഞതായി ആയിരുന്നു റിപ്പോർട്ട് . ഇതിനെക്കുറിച്ച് പ്രസിഡന്റ് ട്രെമ്പ് പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ല.
വെള്ളിയാഴ്ച ഇസ്രായേൽ ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷമാണ് ഈ സംഭാഷണം നടന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആയത്തുള്ളയെ വധിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ട്രംപ് വീറ്റോ ചെയ്തതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. ‘ഇറാൻ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോ? ഇല്ല. അവർ അത് ചെയ്യുന്നതുവരെ രാഷ്‌ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ല.’ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ റോയിട്ടേഴ്‌സിൽ നിന്നുള്ള ഈ റിപ്പോർട്ട് നെതന്യാഹു സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. “ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണ റിപ്പോർട്ടുകൾ ഉണ്ട്, ഞാൻ അതിലേക്ക് കടക്കുന്നില്ല,” എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞത്.
“പക്ഷേ, ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്യുന്നുണ്ടെന്ന് എനിക്ക് പറയാൻ കഴിയും. ഞങ്ങൾ ചെയ്യേണ്ടത് ഞങ്ങൾ ചെയ്യും. അമേരിക്കയ്‌ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്‌ക്ക് അറിയാമെന്ന് ഞാൻ കരുതുന്നു, ഞാൻ അതിൽ ഇടപെടാൻ പോകുന്നില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.