ന്യൂഡൽഹി: ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ധന ലഭ്യതയുടെയും വിതരണത്തിന്റെയും കാര്യത്തിൽ ഇന്ത്യക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. വർദ്ധിച്ചുവരുന്ന ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ കാരണം ആഗോള എണ്ണ വിപണികൾ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ പ്രകൃതിവാതക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായും പൊതുമേഖലാ എണ്ണക്കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായും നടത്തിയ അവലോകന യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമർശം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ പ്രമുഖ പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. ഇന്ധന സുരക്ഷയുടെ കാര്യത്തിലും സ്ഥിരതയുള്ള വിതരണം ഉറപ്പാക്കുന്നതിലും ഇന്ത്യ സ്വീകരിച്ചിട്ടുള്ള തന്ത്രപരമായ തയാറെടുപ്പുകൾ യോഗത്തിൽ ചർച്ചയായി.
പെട്രോളിയം പര്യവേഷണത്തിനും ഉത്പാദനത്തിനുമായി വർഷങ്ങളായി സർക്കാർ സ്വീകരിച്ചുവരുന്ന നിരവധി നടപടികൾ മന്ത്രി കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇന്ത്യ സ്വന്തം പരമ്പരാഗത ഫോസിൽ അധിഷ്ഠിത ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്. ആൻഡമാൻ മേഖലയിൽ കൂടുതൽ ആഴത്തിൽ ഖനനം നടത്താനാണ് തീരുമാനം. അതൊരു ശുഭ വാർത്തയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ആൻഡമാൻ ഇന്ത്യയുടെ ഗയാനയായി മാറിയേക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.















