ന്യൂഡൽഹി: കശ്മീരിൽ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (FATF). കാര്യമായ സാമ്പത്തിക പിന്തുണ ലഭിക്കാതെ ഭീകരർക്ക് ഇത്തരമൊരു ആക്രമണം നടത്താൻ കഴിയില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തീവ്രവാദ ധനസഹായത്തെ ചെറുക്കൻ ശക്തമായി പ്രവർത്തിക്കുന്ന ആഗോള നിരീക്ഷണ ഏജൻസിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്.
പഹൽഗാം ആക്രമണത്തെക്കുറിച്ച് എഫ്എടിഎഫ് നടത്തിയ പരാമർശം പ്രാധാന്യമർഹിക്കുന്നതാണ്. പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകൾ ഇന്ത്യയിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഇന്ത്യയുടെ വാദത്തിന് ഇത് ബലം നൽകുന്നു. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഇസ്ലാമാബാദ് പരാജയപ്പെട്ടുവെന്നതിന് തെളിവുകളും വാദങ്ങളും ഇന്ത്യ നിരത്തിയിരുന്നു. തീവ്രവാദ ഗ്രൂപ്പുകൾക്കിടയിലെ ഹവാല, എൻജിഒകൾ, ക്രിപ്‌റ്റോകറൻസി പോലുള്ള ഡിജിറ്റൽ തെളിവുകൾ എന്നിവ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള തുടർച്ചയായ പണമൊഴുക്കാണ് ഇത് സൂചിപ്പിക്കുന്നത്.
പഹൽഗാം ആക്രമണത്തെ എഫ്‌എടിഎഫ് അപലപിച്ചത് പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് സഹായമാകും. തീവ്രവാദ ധനസഹായത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെയാണ് എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്. ഭീകരവിരുദ്ധ നിയമങ്ങൾ പൂർണ്ണമായി നടപ്പാക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിനെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി, പാകിസ്ഥാനെ ഗ്രേ ലിസ്റ്റിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഇന്ത്യ ഏറെനാളായി ആവശ്യപ്പടുന്നുണ്ട്.