മുംബൈ: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രതിരോധ ഓഹരികളില്‍ കുതിപ്പ്. പ്രതിരോധ ഓഹരികള്‍ ഉള്‍ക്കൊള്ളുന്ന നിഫ്റ്റി ഇന്ത്യ ഡിഫന്‍സ് സൂചിക 1.6% ത്തിലധികം ഉയര്‍ന്ന് 9,000 പോയന്റ് പിന്നിട്ടു.
മാസഗണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഓഹരി വില 5% ത്തിലധികം ഉയര്‍ന്ന് സൂചികയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ഓഹരികള്‍ 4% ത്തിലധികം ഉയര്‍ന്നു. ഡാറ്റ പാറ്റേണ്‍സ് (ഇന്ത്യ) ഓഹരികള്‍ 3% ത്തിലധികം മുന്നേറുന്നത് ദൃശ്യമായി. ഭാരത് ഡൈനാമിക്‌സ്, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യ, ബിഇഎംഎല്‍, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് (എച്ച്എഎല്‍) എന്നീ ഓഹരികളും മുന്നേറ്റം കാഴ്ച വെച്ചു.
അതേസമയം സെന്‍ ടെക്‌നോളജീസ്, മിശ്ര ധാതു നിഗം, അസ്ത്ര മൈക്രോവേവ് പ്രോഡക്ട്‌സ്, ബിഇഎല്‍ തുടങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞു.
പ്രതിരോധ ബജറ്റ് പ്രതീക്ഷകള്‍
വര്‍ദ്ധിച്ചുവരുന്ന ആഗോള സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ പ്രതിരോധ ചെലവിടലും പ്രതിരോധ കമ്പനികളുടെ ഓര്‍ഡറുകളും വര്‍ദ്ധിക്കുമെന്ന പ്രതീക്ഷകളാണ് പ്രതിരോധ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം ഉണര്‍ത്തിയത്. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് പ്രതിരോധ ഉപകരണങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടാകുമെന്ന വിപണി പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഓപ്പറേഷന്‍ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ മാസം പ്രതിരോധ ഓഹരികള്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം പ്രതിരോധ മേഖലയ്‌ക്ക് ഒരു ബുള്ളിഷ് വികാരം നല്‍കി വന്നിരുന്നു. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചതോടെ ഈ വികാരം കൂടുതല്‍ ശക്തമായി.
2025 മെയ് മാസത്തില്‍ പ്രതിരോധ മേഖലയുടെ വിപണി മൂലധനം എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി, 2019 സാമ്പത്തിക വര്‍ഷത്തിനും മെയ് 2025 നും ഇടയില്‍ 55% സംയോജിത വാര്‍ഷിക വളര്‍ച്ചയാണ് മേഖല നേടിയത്. പ്രതിവര്‍ഷം ശരാശരി 23% ലാഭവും (നികുതി കിഴിച്ച ശേഷം) റിപ്പോര്‍ട്ട് ചെയ്തു.
ദീര്‍ഘകാല നിക്ഷേപത്തിന് ഉത്തമം
‘അടുത്ത ദശകത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിരോധ ചെലവ് ജിഡിപിയുടെ നിലവിലെ 2% ല്‍ നിന്ന് 3-4% ആയി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. കൂടാതെ, 2025-26 ഓടെ പ്രതിരോധ കയറ്റുമതിയില്‍ സര്‍ക്കാര്‍ 25,000 കോടി രൂപ ലക്ഷ്യമിടുന്നു. ദീര്‍ഘകാല സാധ്യതയുള്ള കയറ്റുമതി അധിഷ്ഠിത പ്രതിരോധ ഓഹരികളില്‍ നിക്ഷേപകര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം,’ ഇന്‍ഫോമെറിക്‌സ് വാല്യുവേഷന്‍ ആന്‍ഡ് റേറ്റിംഗ്‌സ് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്‌ദ്ധന്‍ ശങ്കനാഥ് ബന്ദ്യോപാധ്യായ പറഞ്ഞു.
പ്രതിരോധ ഓഹരികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ല സാധ്യതകളുണ്ടെന്ന് ജിയോജിത് ഇന്‍വെസ്റ്റ്‌മെന്റിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍ വിശ്വസിക്കുന്നു. അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനുശേഷം സര്‍ക്കാര്‍ പ്രതിരോധ മേഖലയിലെ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് സാധ്യതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഉയര്‍ന്ന വാല്യുവേഷന്‍ സൂക്ഷിക്കുക
എന്നിരുന്നാലും പ്രതിരോധ ഓഹരികളിലെ സമീപകാലത്തെ റാലിയെത്തുടര്‍ന്ന് മൂല്യനിര്‍ണ്ണയത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ‘ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് & എഞ്ചിനീയേഴ്‌സ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ്, എച്ച്എഎല്‍, ബിഇഎല്‍, ബിഡിഎല്‍ തുടങ്ങിയ പ്രതിരോധ ഓഹരികള്‍ ദീര്‍ഘകാല വീക്ഷണകോണില്‍ നിന്ന് ആകര്‍ഷകമായി തുടരുന്നുണ്ടെങ്കിലും, നിലവിലെ മൂല്യനിര്‍ണ്ണയം കൂടുതലായി തോന്നുന്നു,’ പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അവിനാശ് ഗോരക്ഷക് പറഞ്ഞു.















