ചെന്നൈ: നടൻ ആര്യയുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ചെന്നൈ, അണ്ണാനഗർ, വേലാച്ചേരി, കോട്ടിവാക്കം, കിൽപാക്ക്, ദുരൈപാക്കം എന്നീ സ്ഥലങ്ങളിലുള്ള റസ്റ്റോറന്റുകളിലാണ് പരിശോധന നടക്കുന്നത്. ദുബായ് ആസ്ഥാനമായി കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന.
പുലർച്ചെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. റസ്റ്റോറന്റ് ഉടമകളുടെ വീട്ടിലും പരിശോധന നടന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നികുതിവെട്ടിപ്പ്, അധിക സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് കേസ്.
സ്ഥാപനങ്ങളുടെ പരിസരത്ത് നിരവധി സേനാംഗങ്ങളെയും പൊലീസിനെയും വിന്യസിച്ചു. ആര്യയുടെ വീട്ടിലും റെയ്ഡ് നടന്നതായാണ് വിവരം. ആര്യയുടെ അറേബ്യൻ റെസ്റ്റോറന്റ് വർഷങ്ങൾക്ക് മുമ്പ് തലശേരിയിലുള്ള കുഞ്ഞിമൂസ എന്ന വ്യക്തിക്ക് വിറ്റിരുന്നു. ഇയാളുടെ കേരളത്തിലെ സ്വത്തുക്കളും ആദായനികുതി വകുപ്പ് പരിശോധിച്ചിട്ടുണ്ട്.















