മുംബൈ: ഹൈവേ യാത്രയ്‌ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2025 ഓഗസ്റ്റ് 15 മുതൽ പാസ് പ്രാബല്യത്തിൽ വരും. ആക്റ്റിവേഷൻ തീയതി മുതൽ ഒരു വർഷം അല്ലെങ്കിൽ 200 യാത്ര എന്നതാണ് ഇതിന്റെ കാലാവധി.
തടസ്സരഹിതമായ ഹൈവ യാത്രയ്‌ക്ക് പരിവർത്തനാത്മകമായ ചുവടുവെപ്പാണ് ഇതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കാർ, ജീപ്പ്, വാൻ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്കാണ് പാസ് നൽകുക. 60 കിലോമിറ്ററിനുള്ളിൽ ഒന്നിലേറെ ടോൾ പ്ലാസകൾ എന്ന ആശങ്ക പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഫാസ്റ്റാഗ് പാസിലൂടെ ഇത് പരിഹരിക്കപ്പെടും.
ടോൾ പ്ലാസയിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും. ടോൾ പ്ലാസകളിലെ തർക്കങ്ങൾക്ക് പരിഹാരമാകും. ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം നൽകുക എന്നതാണ് വാർഷിക പാസിന്റെ ലക്ഷ്യമെന്നും നിതിൻ ഗഡ്കരി എക്സിൽ വ്യക്തമാക്കി.
ഫാസ്റ്റ് ടാഗ് പാസ് ആക്ടിവേഷനുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കും.















