ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ദസ്സോ ഏവിയേഷന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് എയ്‌റോസ്ട്രക്ചറുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഫാല്‍ക്കണ്‍ 2000 ബിസിനസ് എക്‌സിക്യൂട്ടീവ് ജെറ്റുകള്‍ നിര്‍മ്മിക്കും. ആഗോള വിപണികളാണ് ദസ്സോയുടേയും റിലയര്‍സിന്റെയും ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭത്തിന്റെ ലക്ഷ്യം. പാരീസ് എയര്‍ ഷോയില്‍ വെച്ചാണ് കരാര്‍ പ്രഖ്യാപിക്കപ്പെട്ടത്.
നാഗ്പൂരിലെ ദസ്സോ റിലയന്‍സ് എയ്‌റോസ്ട്രക്ചര്‍ ലിമിറ്റഡ് (ഡിആര്‍എഎല്‍) ഫെസിലിറ്റിയിലാണ് വിമാനങ്ങള്‍ നിര്‍മിക്കുക. 2028 ഓടെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മിത ജെറ്റ് വിതരണം ചെയ്യാന്‍ ഇരു കമ്പനികളും പദ്ധതിയിട്ടിരിക്കുന്നു.
ബിസിനസ് ജെറ്റുകള്‍ നിര്‍മ്മിക്കുന്ന യുഎസ്, ഫ്രാന്‍സ്, കാനഡ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ ലീഗിലേക്കാണ് ഇതോടെ ഇന്ത്യ അംഗത്വമെടുക്കാനൊരുങ്ങുന്നത്. ഫ്രാന്‍സിന് പുറത്ത് ഇതാദ്യമായാണ് ദസ്സോ, ഫാല്‍ക്കണ്‍ ജെറ്റുകള്‍ നിര്‍മിക്കുന്നത്.
എയര്‍ബസിന്റെ പദ്ധതികള്‍
ദസ്സോയില്‍ 10.56% ഓഹരി ഉടമസ്ഥാവകാശമുള്ള എയര്‍ബസ് ഇന്ത്യയില്‍ ഹെലികോപ്റ്റര്‍, വിമാന നിര്‍മാണ ഫെസിലിറ്റികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. കര്‍ണാടകയില്‍ ടാറ്റ് അഡ്വാന്‍സ്ഡ് സിസ്റ്റംസുമായി ചേര്‍ന്ന് എച്ച്125 സിവില്‍ റേഞ്ച് ഹെലികോപ്റ്ററുകളും ഗുജറാത്തിലെ വഡോദരയില്‍ സി295 സൈനിക വിമാനങ്ങളും നിര്‍മിക്കാനാണ് എയര്‍ബസിന്റെ പദ്ധതി. ജെറ്റ് വിമാനങ്ങളുടെ നിര്‍മാണം കൂടി ആരംഭിക്കുന്നതോടെ ആഗോള വിമാന ഉല്‍പ്പാദക രാഷ്‌ട്രങ്ങളുടെ ശ്രേണിയിലേക്ക് കരുത്തോടെ ഇന്ത്യ ഇരിപ്പുറപ്പിക്കുകയാണ്.
‘പ്രധാനമന്ത്രി മോദിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത്’, ‘ലോകത്തിനായി ഇന്ത്യയില്‍ നിര്‍മ്മിക്കുക’ എന്നീ ദര്‍ശനങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമാണ് ഈ സഹകരണം, ആഗോള വിപണികള്‍ക്കായി അടുത്ത തലമുറ ബിസിനസ് ജെറ്റുകള്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള ഇന്ത്യയുടെ കഴിവ് ഇത് പ്രദര്‍ശിപ്പിക്കുന്നു. ‘ഇന്ത്യയില്‍ നിര്‍മ്മിച്ച’ ഫാല്‍ക്കണ്‍ 2000 രാജ്യത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തിന്റെയും നിര്‍മ്മാണ മികവിന്റെയും അഭിമാനകരമായ പ്രതീകമായി നിലകൊള്ളും,’ റിലയന്‍സ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ അനില്‍ അംബാനി പറഞ്ഞു.















