ന്യൂഡെല്‍ഹി: സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് പലിശ നിരക്കുകള്‍ കുറച്ച് പ്രമുഖ ബാങ്കുകള്‍. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചതോടെ നിക്ഷേപകരുടെ നേട്ടം ഇടിയും. ആര്‍ബിഐ റിപ്പോ നിരക്ക് അര ശതമാനം കുറച്ച സാഹചര്യത്തിലാണ് ബാങ്കുകള്‍ പലിശ നിരക്ക് താഴ്‌ത്തുന്നത്.
എസ്ബിഐ 2.5% പലിശ
രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ 2.5% ആയി സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് പരിഷ്‌കരിച്ചു. 2025 ജൂണ്‍ 15 മുതല്‍ നിരക്ക് പ്രാബല്യത്തിലായി. 10 കോടി രൂപയില്‍ താഴെയുള്ള തുകകള്‍ക്ക് 2.7% ഉം 10 കോടി രൂപയും അതില്‍ കൂടുതലുമുള്ള നിക്ഷേപങ്ങള്‍ക്ക് 3% ഉം പലിശയാണ് ബാങ്ക് ഇതുവരെ നല്‍കിയിരുന്നത്. ഇനി എല്ലാ തുകയ്‌ക്കും 2.5% പലിശയാവും ബാധകമാവുക.
എച്ച്ഡിഎഫ്‌സി ബാങ്കില്‍ 2.75% നിരക്ക്
2025 ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് സേവിംഗ്‌സ് നിരക്കുകള്‍ 2.75% ആയി കുറച്ചു. 50 ലക്ഷം രൂപയില്‍ താഴെയുള്ള തുകകള്‍ക്ക് 2.75% ഉം 50 ലക്ഷം രൂപയും അതില്‍ കൂടുതലുമുള്ള ബാലന്‍സുകള്‍ക്ക് 3.25% ഉം പലിശ നിരക്ക് ബാങ്ക് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.
ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് 2025 ജൂണ്‍ 12 മുതല്‍ സേവിംഗ്‌സ് എക്കൗണ്ടുകള്‍ക്ക് 2.75% വാര്‍ഷിക പലിശ നിരക്കാവും നല്‍കുക. 50 ലക്ഷം രൂപയില്‍ താഴെയുള്ള ബാലന്‍സുകള്‍ക്ക് 2.75% ഉം അതിനു മുകളിലുള്ള ബാലന്‍സുകള്‍ക്ക് 3.25% ഉം പലിശ നിരക്ക് നേരത്തെ ബാങ്ക് വാഗ്ദാനം ചെയ്തിരുന്നു.
ഫെഡറല്‍ ബാങ്ക്
മറ്റ് ബാങ്കുകളും സേവിംഗ്‌സ് നിരക്കുകള്‍ പരിഷ്‌കരിക്കുകയാണ്. ഫെഡറല്‍ ബാങ്ക് ബാലന്‍സ് സ്ലാബുകളെ അടിസ്ഥാനമാക്കി 2.5% മുതല്‍ 6.25% വരെ പലിശ നല്‍കും. ജൂണ്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ബാങ്ക് ഓഫ് ബറോഡ ബാലന്‍സ് സ്ലാബുകളെ അടിസ്ഥാനമാക്കി 2.7% മുതല്‍ 4.25% വരെ പലിശ നല്‍കും. ജൂണ്‍ 12 മുതല്‍ ഇത് പ്രാബല്യത്തിലായി.















