മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു.വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള സെമി ഫൈനല്‍ പോരാട്ടമായതിനാല്‍ നിലമ്പൂരിലെ മത്സരം ഇടത്, വലത് മുന്നണികള്‍ക്ക് ഒരുപോലെ നിര്‍ണായകമാണ്.ആദ്യ അരമണിക്കൂറിൽ നിലമ്പൂർ മണ്ഡലത്തിൽ പോളിങ് നാലു ശതമാനം പിന്നിട്ടു.
നേരിയ മഴ മണ്ഡലത്തിലുണ്ടെങ്കിലും രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. മഴ വോട്ടർമാരെ ബാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. NDA സ്ഥാനാർഥി അഡ്വ മോഹൻ ജോർജ് കുടുംബ സമേതം 10 മണിക്ക് 148-ാം നമ്പർ ബൂത്തായ മർത്തോമ്മ ഹയർസെക്കണ്ടറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും.
2,32,381 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,13,613 പുരുഷന്മാരും, 1,18,760 സ്ത്രീകളും എട്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. 7787 പുതിയ വോട്ടര്‍മാരുണ്ട്. പട്ടികയില്‍ 373 പ്രവാസി വോട്ടര്‍മാരും, 324 സര്‍വീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 1200 പൊലീസുകാരെയും, കേന്ദ്ര സേനയെയും സുരക്ഷയ്‌ക്കായി വിനിയോഗിച്ചിട്ടുണ്ട്.
പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്തുപേരാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഹോംവോട്ടിംഗ് അനുമതി ലഭിച്ച 1254 പേർക്കുള്ള വോട്ടെടുപ്പ് ജൂൺ 16ന് പൂർത്തിയായിരുന്നു. ഉപതിരഞ്ഞെടുപ്പിനായി 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ 263 പോളിംഗ് സ്റ്റഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ 14 എണ്ണമാണ് പ്രശ്‌ന സാധ്യത ബൂത്തുകള്‍. 23നാണ് വോട്ടെണ്ണൽ.
മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ ഇവരാണ്
1. അഡ്വ. മോഹൻ ജോർജ് (ഭാരതീയ ജനതാ പാർട്ടി) താമര
2. ആര്യാടൻ ഷൗക്കത്ത് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) കൈ
3. എം. സ്വരാജ് (സി.പി.ഐഎം) ചുറ്റികയും അരിവാളും നക്ഷത്രവും
4. അഡ്വ. സാദിക് നടുത്തൊടി (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) ബലൂൺ
5. പി.വി അൻവർ (സ്വതന്ത്രൻ) കത്രിക
6. എൻ. ജയരാജൻ (സ്വതന്ത്രൻ) ടെലിവിഷൻ
7. പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വതന്ത്രൻ) കിണർ
8. വിജയൻ (സ്വതന്ത്രൻ) ബാറ്റ്
9. സതീഷ് കുമാർ ജി. (സ്വതന്ത്രൻ) ഗ്യാസ് സിലിണ്ടർ
10. ഹരിനാരായണൻ (സ്വതന്ത്രൻ) ബാറ്ററി ടോർച്ച്















