ചെന്നൈ: തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിനിടെ അപൂർവയിനം മത്സ്യത്തെ പിടികൂടി. നീളം കൂടിയ “ഡൂംസ്ഡേ ഫിഷ്”ആണ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയത്. ഡൂംസ്ഡേ ഫിഷ് ഒരു ആഴക്കടൽ മത്സ്യമായതിനാൽ ഇവയെ വളരെ അപൂർവമായി മാത്രമേ തീരത്തിനടുത്ത് കാണപ്പെടാറുള്ളു. ജാപ്പനീസ് വിശ്വാസമനുസരിച്ച് തീരത്ത് ഈ മത്സ്യത്തിന്റെ സാന്നിധ്യം പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്ന് കരുതപ്പെടുന്നു. അതിനാൽ സ്വാഭാവികമായും, ഇന്ത്യൻ തീരത്ത് ഇതിനെ കാണുന്നത് നാട്ടുകാർക്കിടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ, ഏഴ് മത്സ്യത്തൊഴിലാളികൾ ഈ അപൂർവ കടൽമത്സ്യത്തെ പിടിച്ചു നിൽക്കുന്നതായി കാണിക്കുന്നു. പേശികൾ വളരെ കുറവുള്ളതും പതുക്കെ സഞ്ചരിക്കുന്നതും മടിയനുമായ ഒരു മത്സ്യമാണ് ഓർഫിഷ് അഥവാ ഡൂംസ്‌ഡേ ഫിഷ് . ഇവ സാധാരണയായി വെള്ളത്തിൽ പൊങ്ങിക്കിടന്ന് പ്ലവകങ്ങളെ ഭക്ഷിക്കുന്നു. ഓർഫിഷുകൾക്ക് 11 മീറ്റർ വരെ നീളമുണ്ടാകാറുണ്ട്.
The rarely seen oarfish, which usually are in deep-sea, which is also known as 'Doomsday' fish is caught in the net in TamilNadu pic.twitter.com/8N4TTNyDec
— Aryan (@chinchat09) June 16, 2025
ഒരു പഴയ ജാപ്പനീസ് വിശ്വാസമനുസരിച്ച്, തീരത്തിനടുത്ത് പ്രത്യക്ഷപ്പെടുന്നത് പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പായി കരുതപ്പെടുന്നതിനാൽ ഓർഫിഷിനെ ഡൂംസ്ഡേ ഫിഷ് എന്ന് വിളിക്കുന്നു. പ്രത്യേകിച്ച് ഭൂകമ്പത്തിനോ സുനാമിക്കോ മുമ്പ്, ജപ്പാനിൽ കരയിലേക്ക് ഒഴുകിവരുന്ന ഓർഫിഷുകളെ കണ്ടതായി ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളത്തിനടിയിലെ ഭൂകമ്പ പ്രവർത്തനങ്ങൾ മനസിലാക്കാനും മനുഷ്യർക്ക് മുന്നറിയിപ്പ് നൽകാൻ ഉപരിതലത്തിലേക്ക് ഉയരാനും ഇതിന് കഴിയുമെന്നും അവർ അനുമാനിക്കുന്നു. 2011-ലെ വിനാശകരമായ തോഹോകു ഭൂകമ്പത്തിനും സുനാമിക്കും മുമ്പുള്ള മാസങ്ങളിൽ ജപ്പാനിൽ നിരവധി ഓർഫിഷുകൾ തീരത്തടിഞ്ഞപ്പോൾ ഈ വിശ്വാസം ശക്തിപ്പെട്ടു. ജപ്പാനിൽ അവയെ “റ്യൂഗു നോ സുകായ്” എന്നാണ് വിളിക്കുന്നത്, അതായത് “കടൽ ദേവന്റെ കൊട്ടാരത്തിൽ നിന്നുള്ള ദൂതൻ”. എന്നിരുന്നാലും, ഈ സിദ്ധാന്തം ശാസ്ത്രം ഒരിക്കലും സ്ഥിരീകരിച്ചിട്ടില്ല.















