തിരുവനന്തപുരം: വീണ്ടും ഭാരതാംബയെ അവഹേളിച്ച് സംസ്ഥാന സർക്കാർ. രാജ്ഭവനിലെ പരിപാടിയിൽ നിന്നും മന്ത്രി വി. ശിവൻകുട്ടി ഇറങ്ങിപ്പോയി. ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തിയതും ഗവർണർ രാജേന്ദ്ര അർലേക്കർ പുഷ്പാർച്ചന നടത്തിയതുമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. നിലമ്പൂരിൽ പോളിംഗ് പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ തീവ്രനിലപാടുകാരുടെ വോട്ടു ഉറപ്പാക്കാനാണ് മന്ത്രിയുടെ നീക്കമെന്നാണ് സൂചന.
സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പുരസ്‌കാര ചടങ്ങാണ് രാജ്ഭവനിൽ നടന്നത്. ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ സംസ്ഥാന മന്ത്രിമാർ നേരത്തെ എത്തണമെന്നാണ് പ്രോട്ടോക്കോൾ. ഇതെല്ലാം ലംഘിച്ചാണ് വി. ശിവൻകുട്ടിയുടെ പ്രകടനം. പരിപാടിയുടെ തുടക്കത്തിലുണ്ടാകുന്ന ദേശീയഗാനത്തിന് ശേഷമാണ് മന്ത്രി എത്തിയത്. മന്ത്രിയുടെ ഇറങ്ങിപ്പോക്കും പ്രോട്ടോക്കോളിന്റെ ഗുരുതര ലംഘനമാണ്.
ആശംസ പ്രസംഗത്തെ രാഷ്‌ട്രീയ പ്രസംഗമാക്കാനും മന്ത്രി ശ്രമിച്ചു. ഗവർണറുടെ പരിപാടിയിൽ രാഷ്‌ട്രീയം പറഞ്ഞതും ഗുരുതര ചട്ടലംഘനമാണ്. മന്ത്രി രാജ്ഭവനിൽ നിന്നും പുറത്തിറങ്ങുന്നതും കാത്ത് മാദ്ധ്യമങ്ങൾ നിന്നതും മുൻകൂട്ടിയുള്ള പ്ലാനിംഗിന്റെ ഭാഗമാണ് എന്നാണ് വ്യക്തമാക്കുന്നത്.
കാര്യപരിപാടിയിൽ പുഷ്പാർച്ചന ഇല്ലായിരുന്നു എന്നും ഭാരതാംബയുടെ ചിത്രം വയ്‌ക്കില്ലെന്ന് രാജ്ഭവൻ അറിയിച്ചിരുന്നു എന്നാണ് വി ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ വാദത്തെ രാജ്ഭവൻ പൂർണ്ണമായും തള്ളി. 11 മണിക്ക് പുഷ്പാർച്ചന എന്ന് കാര്യപരിപാടി നോട്ടീസിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു എന്ന് രാജ്ഭവൻ വ്യക്തമാക്കി .
മുൻപ് മന്ത്രി പി. പ്രസാദ് ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ചത് വലിയ വാർത്തയായിരുന്നു. അന്ന് തീവ്ര സംഘടനകളുടെ പിന്തുണ മന്ത്രിക്ക് വേണ്ടുവോളം ലഭിച്ചിരുന്നു. നിലമ്പൂർ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിപ്പിക്കാനാണ് വി. ശിവൻകുട്ടിയുടെ ഇന്നത്തെ പ്രകടനം.















