മധുര: തമിഴ്‌നാട്ടിലെ എൽ ടി ടി ഇ അനുകൂല രാഷ്‌ട്രീയ പാർട്ടിയായ വി സി കെ യുടെ നേതാവ് തോൾ തിരുമാവളവൻ ക്ഷേത്രത്തിനുള്ളിൽ വെച്ച് നെറ്റിയിലെ ഭസ്മം തുടച്ച ശേഷം ഫോട്ടോ എടുക്കാൻ പോസ് ചെയ്തത് വിവാദമാകുന്നു. ഇന്നലെ മധുരയിലെ തിരുപ്പറംകുണ്ഡ്രത്തുള്ള മുരുകക്ഷേത്രത്തിൽ വെച്ചായിരുന്നു സംഭവം.
ചിദംബരം ലോകസഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ തോൾ തിരുമാവളവൻ മധുരയിലെ തിരുപ്പറംകുണ്ഡ്രത്തുള്ള മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ ഒരു ദമ്പതികൾ അദ്ദേഹത്തോട് ഒരു സെൽഫി ആവശ്യപ്പെട്ടു. തുടർന്ന് തിരുമാവളവൻ അവരുടെ മൊബൈൽ ഫോൺ എടുത്ത് അതിലെ ക്യാമറയിലേക്ക് നോക്കി നെറ്റിയിൽ പുരട്ടിയ ഭസ്മം തുടച്ചു നീക്കി. അതിനുശേഷം മാത്രമാണ് അദ്ദേഹം ദമ്പതികൾക്കൊപ്പം ഒരു സെൽഫി എടുത്തത്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ പുറത്തുവന്നതോടെ ഭസ്മം തുടച്ചു നീക്കിയത് വിവാദത്തിന് തിരികൊളുത്തി.
നേരത്തെ തിരുപ്പറംകുണ്ഡ്രം ക്ഷേത്രം സന്ദർശിച്ച തിരുമാവളവന് അധികാരികൾ പ്രത്യേക സ്വീകരണം നൽകി. മാലയും തട്ടവും നൽകി അദ്ദേഹത്തെ സ്വീകരിച്ചു. മുരുകദർശനത്തിനു ശേഷം പൂജാരി അദ്ദേഹത്തിന് പുണ്യ വിഭൂതി നൽകി. അത് നെറ്റിയിൽ അണിഞ്ഞാണ് അദ്ദേഹം പുറത്തേക്ക് വന്നത്. അപ്പോഴായിരുന്നു ഈ ദമ്പതികൾ സെൽഫി എടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. സെല്ഫിയെടുക്കാനായി ക്യാമറയിൽ നോക്കിയപ്പോഴാണ് നെറ്റിയിലെ വിഭൂതി അദ്ദേഹം ശ്രദ്ധിച്ചത്. തുടർന്നാണ് അത് തുടച്ചു നീക്കിയത്.

തിരുമാവളൻ നെറ്റിയിൽ നിന്ന് വിഭൂതി തുടച്ചു മാറ്റുന്ന വീഡിയോ അവിടെയുണ്ടായിരുന്നവർ പകർത്തി. ഈ വീഡിയോ ഇന്റർനെറ്റിൽ അതിവേഗം പ്രചരിച്ചു. വിഭൂതിയെ അവഹേളിച്ച തിരുമാവളവന്റെ നടപടിയിൽ ഹിന്ദു സംഘടനകളും മുരുകൻ ഭക്തരും ബിജെപി പാർട്ടി അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തിരുമാവളവന്റെ ഈ പ്രവൃത്തിയെ കേന്ദ്ര സഹമന്ത്രി എൽ മുരുകൻ ശക്തമായി അപലപിച്ചു. “വ്യാജ, കപടവിശ്വാസികളുടെ വേഷം തുറന്നുകാട്ടപ്പെട്ടു..!” മധുരയിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്താൻ ക്ഷേത്രപരിസരത്ത് പോയ തിരുമാവളവന്റെ നെറ്റിയിൽ അണിഞ്ഞ വിഭൂതി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ പുറത്തിറങ്ങുകയും വൈറലാകുകയും ചെയ്യുന്നു”.അദ്ദേഹം തന്റെ എക്സ് പേജിൽ എഴുതി,
അതെ സമയം മധുരയിൽ സംഘടിപ്പിക്കുന്ന മുരുക സമ്മേളനത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള വൻ ജനപങ്കാളിത്തത്തെ ഭയന്ന് തമിഴ് നാട്ടിലെ ഇണ്ടി സഖ്യ കക്ഷികൾ മുരുകഭക്തരെ പാട്ടിലാക്കാനുള്ള വിവിധ നീക്കങ്ങൾ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. അവിശ്വാസികളോ ഹിന്ദു വിരുദ്ധരോ ആയ നേതാക്കൾ പൊടുന്നനെ മുരുക ഭക്തരായി മാറിയതിന്റെ പിന്നിലെ യദാർത്ഥ കാരണം ഇതാണെന്നാണ് നിരീക്ഷകർ പറയുന്നത്.
തിരുപ്പറംകുണ്ഡ്രം മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ തിരുമാവളവൻ പിന്നീട് സിക്കന്ദർ ഔലിയ ബാദുഷ ദർഗയിലെത്തി പ്രാർത്ഥന നടത്തിയതായി തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.















