തിരുവനന്തപുരം : പ്രോട്ടോകോൾ ലംഘിച്ച സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (ഫെറ്റോ) പ്രസ്താവനയിൽ അറിയിച്ചു.
സ്കൗട്ട്സ് ആൻറ് ഗൈഡ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിനിടെയാണ് മന്ത്രി ഗവർണറെ അപമാനിക്കുകയും ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തത്. മന്ത്രിയുടെ പെരുമാറ്റം പ്രോട്ടോകോൾ ലംഘനമാണെന്ന് രാജ്ഭവൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പാലിക്കേണ്ട മര്യാദകൾ മന്ത്രി പാലിച്ചില്ലെന്ന് മാത്രമല്ല; പിന്നീട് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തിരിക്കുന്നു. പ്രതിഷേധമറിയിച്ചപ്പോൾ ‘ഗവർണർ ആട്ടുകല്ലിന് കാറ്റുപിടിച്ചതു പോലെ’യിരുന്നു എന്നാണ് മന്ത്രിയുടെ ആക്ഷേപം. ആക്ഷേപമുന്നയിച്ച മന്ത്രിയുടെ മുന്നിൽ ഗവർണർ എഴുന്നേറ്റ് കുമ്പിട്ടുനിൽക്കണമെന്നാണോ മന്ത്രി ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കണം.
‘കൊടി പിടിച്ചു നിൽക്കുന്ന സ്ത്രീ’ എന്ന പ്രയോഗത്തിലൂടെ ഭാരതാംബയെ തന്നെ മന്ത്രി അപമാനിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങളിലെല്ലാം വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഭാരതാംബ പ്രധാന സാന്നിധ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ നാളെ ഇത് നിരോധിക്കാനും സാധ്യതയുണ്ട്. പ്രസ്താവന തുടരുന്നു.
പ്രോട്ടോകോൾ ലംഘനം നടത്തുകയും ഭാരതാംബയ അപമാനിക്കുകയും ചെയ്ത വി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവയ്‌ക്കുകയാണ് ചെയ്യേണ്ടത് എന്ന് ഫെറ്റോ ജനറൽ സെക്രട്ടറി പി എസ് ഗോപകുമാർ വ്യക്തമാക്കി.















