ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്. നൂറിലധികം പേർ അനധികൃതമായി വീട് തട്ടിയെടുത്തെന്ന് വിജിലൻസ് കണ്ടെത്തി. സിപിഎം അംഗമായ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങി 27 പേരിൽ നിന്നായി 1.14 കോടി രൂപ റവന്യു റെക്കവറിയിലൂടെ തിരിച്ചു പിടിക്കാൻ നിർദ്ദേശമുണ്ടെങ്കിലും അതും നടപ്പായില്ല.
സ്വന്തമായി ഏക്കർ കണക്കിന് ഭൂമിയും വീടുമുള്ളവരടക്കം ലൈഫ് പദ്ധതി പ്രകാരം വീട് സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച വീടുകൾ ഒരു വർഷം തികയും മുമ്പേ പലരും വിറ്റ് കാശാക്കി. 2015-16 കാലത്താണ് പ്രധാനമായും തട്ടിപ്പ് നടന്നത്. ഉദ്യോഗസ്ഥരുടെയും വാർഡ് അംഗത്തിന്റെും അറിവോടെയാണ് കൃമക്കേട് നടന്നത്.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ സി. പി ജോൺ മുതൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. എസ്. ഷാൻ വരെ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. 2022ൽ തട്ടിപ്പ് നടത്തിയവരിൽ നിന്നും പണം തിരിച്ച് പിടിക്കണമെന്ന് വിജിലൻസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും ഇതുവരെ തിരിച്ചടച്ചിട്ടില്ല.















