ടെഹ്റാൻ: ഇറാന്റെ ഫോർദോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം നടത്തി ഇസ്രയേൽ പ്രതിരോധസേന. ഇത് രണ്ടാം തവണയാണ് ഫോർദോയ്‌ക്ക് നേരെ ആക്രമണം നടത്തുന്നത്. ഇറാന്റെ തലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന എവിൻ ജയിലും അർദ്ധസൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളിൽ യുഎസ് ഇടപെട്ടതിനെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ അപലപിച്ചു. പ്രകോപനമില്ലാത്ത ആക്രമണം എന്നാണ് യുഎസ് നടപടിയെ പുടിൻ വിശേഷിപ്പിച്ചത്. ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ച്ചിയുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിന്റെ നിലപാട് വ്യക്തമാക്കിയത്.
ഞായറാഴ്ച പുലർച്ചെയാണ് യുഎസ് ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ തീരുമാനമെടുക്കാൻ ഒരാഴ്ച സമയം വേണമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ഇതിനിടെയാണ് ഇറാന് നേരെ യുഎസിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.















