ടെൽഅവീവ്: വെടിനിർത്തലിന് ധാരണയായിയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേലിൽ വീണ്ടും മിസൈലാക്രമണം നടത്തി ഇറാൻ സായുധസേന. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മടങ്ങാൻ ഇസ്രയേൽ പ്രതിരോധ സേന നിർദേശിച്ചു.
ബീർഷെബയിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ മിസൈൽ പതിച്ചാണ് അപകടമുണ്ടായത്. ഇസ്രയേലിന്റെ വിവിധയിടങ്ങളിൽ അപകട സൈറണുകൾ മുഴങ്ങി. വെടിനിർത്തൽ കരാറിനെ കുറിച്ചോ, സൈനിക നടപടികൾ നിർത്തിവയ്ക്കുന്നതിനെ കുറിച്ചോ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ച്ചി എക്സിൽ വ്യക്തമാക്കി.
ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ഉടൻ ധാരണയാകുമെന്നും യുദ്ധം അവസാനിക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇന്ന് പുലർച്ചെ വരെ ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷം തുടർന്നു. കൂടാതെ ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി.















