ഇസ്ലാമാബാദ്: വീണ്ടും യുദ്ധ ഭീഷണിയുമായി പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പിപ്പിൾസ് പാർട്ടി ചെയർമാനുമായ ബിലാവൽ ഭൂട്ടോ. സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള വെള്ളം ഇന്ത്യ നിഷേധിച്ചാൽ പാകിസ്ഥാൻ യുദ്ധത്തിലേക്ക് പോകുമെന്നാണ് ബിലാവലിന്റെ ഭീഷണി.
ഇന്ത്യയ്‌ക്ക് മുന്നിൽ രണ്ട് വഴികളുണ്ട്, ഒന്നുകിൽ കരാർ പ്രകാരമുള്ള വെള്ളം നൽകുക. അല്ലെങ്കിൽ ആറ് നദികളിൽ നിന്നുള്ള വെള്ളം ഞങ്ങൾ പാകിസ്ഥാനിലേക്ക് കൊണ്ടുവരുമെന്നും ബിലാവൽ പറഞ്ഞു.
ഏറെ പ്രയത്നിച്ചാണ് എഫ്എടിഎഫിന്റെ വൈറ്റ് ലിസ്റ്റിലേക്ക് പാകിസ്ഥാൻ മാറിയത്. വീണ്ടും എഫ്എടിഎഫിന്റെ ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായി ഭീകരവാദത്തെയും നയതന്ത്ര ബന്ധത്തെയും ഉപയോഗിക്കുകയാണ്. കശ്മീർ വിഷയം ആഗോളതലത്തിൽ എത്തിക്കുന്നതിൽ പാകിസ്ഥാൻ വിജയിച്ചെന്നും ബിലാവൽ ഭൂട്ടോ അവകാശപ്പെട്ടു.
1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസവും ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു, പിന്നാലെയാണ് ബിലാവൽ ഭീഷണിയുമായി രംഗത്തെത്തിയത്.















