എറണാകുളം: രവിപുരം റിയൽ അറേബ്യ ഹോട്ടലിൽ നിന്നും ഷവായിയും ഷവർമയും കഴിച്ചവർക്ക് ഗുരുതര ഭക്ഷ്യവിഷബാധയെന്ന് പരാതി. തൃശൂർ സ്വദേശികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ ഗുരുതരാവസ്ഥയിലായ 23 കാരി മൂന്ന് ദിവസം ഐസിയുവിൽ ആയിരുന്നു.
ഈ മാസം 16 നാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ മൂന്ന് പേർ ഹോട്ടലിൽ നിന്നും ഷവായിയും ഷവർമയും കഴിച്ചത്. കടുത്ത വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 23 കാരിയുടെ നില വഷളായതോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്ത യുവതി ഇപ്പോഴും ആശുപത്രിയിലാണ്.
സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. നിലവിൽ റിയൽ അറേബ്യ ഹോട്ടൽ കൊച്ചി കോർപ്പറേഷൻ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇവരുടെ കലൂരിൽ പ്രവർത്തിക്കുന്ന ഔട്ടലെറ്റിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടൽ അടച്ചുപൂട്ടിയതിന് പിന്നാലെ ‘അണ്ടർ മെയിന്റനസ്’ ബോർഡ് സ്ഥാപിച്ച് ആളുകളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമത്തിലാണ് റിയൽ അറേബ്യ.















