64 കാരൻ കുട്ടിക്കാലത്ത് അബദ്ധത്തിൽ വിഴുങ്ങിയ ടൂത്ത് ബ്രഷ് 52 വർഷങ്ങൾക്ക് ശേഷം പുറത്തെടുത്ത് ഡോക്ടർമാർ. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിലാണ് സംഭവം.
യാങ് എന്നുപേരുള്ള 64 കാരൻ 12 വയസ്സുള്ളപ്പോഴാണ് അബദ്ധത്തിൽ ടൂത്ത് ബ്രഷ് വിഴുങ്ങുന്നത്. മാതാപിതാക്കൾ വഴക്കുപറയുമെന്ന ഭയത്താൽ യാങ് ഇത് പുറത്ത് പറഞ്ഞിരുന്നില്ല. 12 കാരന്റെ ബുദ്ധിയിൽ ടൂത്ത് ബ്രഷ് വയറിനുള്ളിൽ അലിഞ്ഞ് ചേരുമെന്നോ നശിച്ചുപോകുമെന്നൊയാണ് യാങ് കരുതിയിരുന്നത്. വർഷങ്ങൾ കടന്നുപോകെ ടൂത്ത് ബ്രഷ് വയറ്റിലുണ്ടെന്ന കാര്യം യാങ്ങും മറന്നു.
52 വർഷങ്ങൾക്കിപ്പുറം തന്റെ വയറ്റിൽ അദ്ദേഹത്തിന് അസ്വസ്ഥതകൾ അനുഭവപ്പെട്ട് തുടങ്ങി. അസഹ്യമായ വേദനയും തുടങ്ങിയതോടെ യാങ് സമീപത്തെ ആശുപത്രിയിലെത്തി ഡോക്ടർമാരെ വിവരം ധരിപ്പിച്ചു. 64 കാരന്റെ വയറിൽ എക്സ്റേ പരിശോധന നടത്തിയ ഡോക്ടർമാരാണ് ഇത്തവണ ഞെട്ടിയത്. യാങ്ങിന്റെ ചെറുകുടലിൽ കണ്ടെത്തിയത് 17 സെന്റീമീറ്റർ നീളമുള്ള ഒരു ടൂത്ത് ബ്രഷ് ആണ്.
പിന്നെ ഒട്ടും താമസിച്ചില്ല. ഏകദേശം ഒരുമണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ വിദഗ്ധർ ടൂത്ത് ബ്രഷ് ചെറുകുടലിൽ നിന്നും നീക്കം ചെയ്തു. എന്നാൽ ഡോക്ടർമാരെ അത്ഭുതപ്പെടുതിയകാര്യം മറ്റൊന്നുമല്ല, വർഷങ്ങളായി ചലിക്കാതെ ചെറുകുടലിന്റെ ഒരു വളവിൽ തങ്ങി നിൽക്കുകയായിരുന്നു ബ്രഷ്. ടൂത്ത് ബ്രഷ് കറങ്ങാനും ചെറുകുടലിന്റെ ഭിത്തികളിൽ സമ്മർദം ചെലുത്താനും സാധ്യതയുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത് ചെറുകുടലിൽ സുഷിരങ്ങൾ രൂപപ്പെടാനും ആന്തരിക രക്തസ്രാവത്തിലേക്കും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുമായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.















